ചുമ മരുന്ന് കഴിച്ച് മരണം: അന്വേഷണം പ്രഖ്യാപിച്ചു
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത ചുമ മരുന്ന് കഴിച്ച് 18 കുട്ടികള്‍ മരിച്ചെന്ന് ഉസ്ബകിസ്താൻ ആരോഗ്യ മന്ത്രാലയം ആരോപിച്ചതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ. ഉത്തർപ്രദേശിലെ നോയ്ഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമിച്ച ‘ഡോക് -1 മാക്സ്’ കഫ് സിറപ് കഴിച്ച കുട്ടികളാണ് മരിച്ചതെന്നും പരിശോധനയിൽ വിഷപദാർഥമായ എഥിലീൻ ഗ്ലൈക്കോൾ സാന്നിധ്യം മരുന്നിൽ കണ്ടെത്തിയെന്നും ഉസ്ബകിസ്താൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഉസ്ബകിസ്താന്റെ പരാതിയിൽ ലോകാരോഗ്യ സംഘടനയും അന്വേഷണം ആരംഭിച്ചു.
സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്‍ഗനൈസേഷനും ഉത്തര്‍പ്രദേശ് ഡ്രഗ്സ് കണ്‍ട്രോളിങ് ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റിയും സംയുക്തമായാണ് മരിയോൺ ബയോടെക് നിർമിച്ച മരുന്നിനെതിരെ അന്വേഷണം നടത്തുന്നത്.
പരിശോധനക്കായി മരുന്നിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ചണ്ഡിഗഢിലെ റീജനല്‍ ഡ്രഗ്സ് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാഫലം ലഭിക്കുന്നമുറക്ക് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. ‘ഡോക് -1 മാക്സ്’ മരുന്നിന്റെ ഉൽപാദനം താൽക്കാലികമായി നിര്‍ത്തിവെച്ചു.
ഹരിയാന ആസ്ഥാനമായുള്ള കമ്പനി നിർമിച്ച ചുമ മരുന്ന് കഴിച്ച് ഗാംബിയയിൽ 66 കുട്ടികൾ മരിച്ചെന്ന ആരോപണം നിലനിൽക്കെയാണ് ഉസ്ബകിസ്താനിലും മരണം റിപ്പോർട്ട് ചെയ്തത്.
ഗാംബിയയിൽ കുട്ടികളുടെ മരണത്തിന് കാരണമായെന്ന് പറയപ്പെടുന്ന ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമയുടെ ചുമ മരുന്നിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ എന്നിവ കൂടിയ അളവിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഇവ കൂടിയ അളവിൽ ശരീരത്തിൽ എത്തിയാൽ വൃക്കകളുടെ തകരാറിനു വരെ കാരണമാകും.
എന്നാൽ, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) നടത്തിയ അന്വേഷണത്തിൽ കമ്പനിക്ക് അനുകൂല റിപ്പോർട്ടാണ് സമർപ്പിച്ചത്.
അതിനിടെ, ഇന്ത്യൻ മരുന്ന് കഴിച്ച് വിദേശത്ത് കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് രംഗത്തുവന്നു.
ആദ്യം ഗാംബിയയിൽ 70 കുട്ടികളും ഇപ്പോൾ ഉസ്ബകിസ്താനിൽ 18 കുട്ടികളുമാണ് മരിച്ചത്. ഇന്ത്യ ഒരു ഫാർമസിയാണെന്ന് ലോകത്തിന് മുന്നിൽ വീമ്പിളക്കുന്നത് മോദി സർക്കാർ അവസാനിപ്പിക്കണമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിദ്വേഷത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നായിരുന്നു ബി.ജെ.പി മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.