അഫ്ഗാൻ വിഷയത്തിൽ കൂടുതൽ കൂടിയാലോചനകൾ വേണമെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അഫ്ഗാന്റെ ചുറ്റുപാടുമുള്ള എല്ലാവരുടെയും സുരക്ഷക്കായി പ്രാദേശിക രാജ്യങ്ങൾ തമ്മിൽ അടുത്ത സഹകരണത്തിനും കൂടിയാലോചനക്കും സമയമായെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. അഫ്ഗാനിസ്ഥാൻ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ ആതിഥേയത്വം വഹിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കാൻ ചർച്ചകൾ വഴിവെക്കില്ലെന്ന് ഉറപ്പു വരുത്തണമെന്ന് റഷ്യൻ പ്രതിനിധി നിക്കോളായ് പി. പത്രുഷേവ് പറഞ്ഞു. 2018ൽ ഇറാൻ തുടങ്ങഇവെച്ച സംഭാഷണ പ്രക്രിയയുടെ മൂന്നാം ഘട്ടമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് ഡോവൽ പറഞ്ഞു.
ഇതിന് കാരണമായതിൽ ഇറാനോട് നന്ദിയുണ്ട്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നമ്മൾ ഇന്ന് യോഗം ചേരുകയാണ്. ഇവ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് മാത്രമല്ല, അയൽക്കാർക്കും പ്രദേശത്തിനും സുപ്രധാനമായ സംഗതിയാണ്. കൂടുതൽ സഹകരണത്തിനും ആശയവിനിമയത്തിനും ഏകോപനത്തിനും വേണ്ടിയുള്ള സമയമാണിത് -ചർച്ചക്ക് തുടക്കമിട്ടുകൊണ്ട് ഡോവൽ പറഞ്ഞു. മധ്യേഷ്യൻ രാജ്യങ്ങളുടെയും റഷ്യയുടെയും ഇറാന്‍റെയും ദേശീയ സുരക്ഷാ മേധാവികളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. ചർച്ചയിൽ പങ്കെടുക്കാൻ പാക്കിസ്താനെയും ചൈനയെയും ഇന്ത്യ ക്ഷണിച്ചിരുന്നുവെങ്കിലും ഇരുവരും വിട്ടുനിന്നു.
അഫ്ഗാനിസ്ഥാൻ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ചൈന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പരിപാടിയിലെ ക്രമപ്പട്ടികയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്നാണ് ചൈന അറിയിച്ചത്.
പാകിസ്താൻ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. അഫ്ഗാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത ശേഷം ഭീകരവാദം, ലഹരി ഉൽപന്നങ്ങളുടെ കടത്ത് തുടങ്ങിയ വിഷയങ്ങളിൽ നിലനിൽക്കുന്ന ഭീഷണിക്കെതിരെ നിലപാട് സ്വീകരിക്കാനാണ് യോഗം ചേർന്നത്. കസഖിസ്താൻ, കിർഗിസ്താൻ, തജിക്കിസ്താൻ, തുർക്മെനിസ്താൻ, ഉസ്ബെഖിസ്താൻ എന്നീ രാജ്യങ്ങളിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ചൈനയും പാകിസ്താനും താലിബാൻ അനുകൂല നിലപാടുകൾ തുടരുന്നതിനാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.