94.5 കോടി; രാജ്യത്തെ വോട്ടർമാരുടെ എണ്ണം കുതിക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ വോട്ടർമാരുടെ എണ്ണം 94.5 കോടി പിന്നിട്ടു. ഇത് 1951ലെ ആദ്യ തെരഞ്ഞെടുപ്പിലെ വോട്ടർമാരുടെ എണ്ണത്തിന്റെ ആറിരട്ടി വരും. അതേസമയം, ഇവരിൽ മൂന്നിലൊന്ന് പേരും വോട്ടവകാശം വിനിയോഗിക്കാതെ വിട്ടുനിൽക്കുന്നതാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ടത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 30 കോടി വോട്ടർമാർ ബൂത്തിലെത്തിയില്ല. നഗരപ്രദേശങ്ങളിൽനിന്നുള്ളവരും യുവാക്കളും കുടിയേറ്റക്കാരുമാണ് ഈ 30 കോടിയിൽ കൂടുതൽപേരും. നഗര വോട്ടർമാരുടെ നിസ്സംഗതയാണ് ശ്രദ്ധേയമായ സംഗതി. അതിനിടെ, വോട്ടെടുപ്പിലെ പങ്കാളിത്തം 75 ശതമാനമായി ഉയർത്താനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ. ഈ വർഷം നിരവധി നിയമസഭ തെരഞ്ഞെടുപ്പുകളും അടുത്ത വർഷമാദ്യം ലോക്സഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ, നൂതന ആശയവിനിമയ തന്ത്രങ്ങളിലൂടെ വോട്ടർമാരെ ബൂത്തിലെത്തിക്കാമെന്നാണ് കമീഷന്റെ പ്രതീക്ഷ.
1951ൽ, ആദ്യ പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക തയാറാക്കുമ്പോൾ, ഇന്ത്യയിൽ 17.32 കോടി വോട്ടർമാരുണ്ടായിരുന്നു. അതിൽ വോട്ടവകാശം വിനിയോഗിക്കാൻ 45.67 ശതമാനം പേർ എത്തി. 1957ൽ വോട്ടർമാർ 19.37 കോടിയായിരുന്നു. 47.74 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 21.64 കോടി വോട്ടർമാരിൽ 55.42 ശതമാനവും വോട്ടവകാശം വിനിയോഗിച്ച 1962ലെ പൊതുതെരഞ്ഞെടുപ്പാണ് പകുതിയിലേറെ ജനപങ്കാളിത്തം വന്ന ആദ്യ തെരഞ്ഞെടുപ്പ്. 2009 ആയപ്പോഴേക്കും വോട്ടർമാർ 71.7 കോടിയായി. എന്നാൽ, പോളിങ് ശതമാനം 58.21 ശതമാനം മാത്രം. 2014ൽ പോളിങ് 66.44 ശതമാനമായി. അന്ന് 83.4 കോടി വോട്ടർമാരുണ്ടായിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ 91.2 കോടി വോട്ടർമാരിൽ 67.4 ശതമാനം പേരാണ് ബൂത്തിലെത്തിയത്. ഈ വർഷം ജനുവരി ഒന്നിലെ കണക്കനുസരിച്ച് ആകെ വോട്ടർമാരുടെ എണ്ണം 94,50,25,694 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.