'വേഗരാജാവ്' തിരിച്ചെത്തുന്നു; ദക്ഷിണാഫ്രിക്കയിൽ നിന്ന് ചീറ്റപ്പുലികളെ എത്തിക്കാനൊരുങ്ങി ഇന്ത്യ
text_fieldsന്യൂ ഡൽഹി: വംശനാശം സംഭവിച്ച ജീവികളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെ വന്യജീവി സങ്കേതത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറപ്പുലികളെ കൊണ്ടുവരുന്നു. ആഗസ്റ്റ് മാസത്തോടെ ഇവയെ ഇന്ത്യയിൽ എത്തിക്കുമെന്നാണ് റിപോർട്ട്. മധ്യപ്രദേശിലെ കുനോ-പൽപൂർ ദേശീയോദ്യാനത്തിൽ ചീറ്റകൾക്കായി 10 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പ്രത്യേക വാസസ്ഥലം ഒരുക്കും. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവരുന്ന ആറ് ചീറ്റകളെ ഇവിടെ താമസിപ്പിക്കാനാണ് തീരുമാനമെന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയുമായുള്ള കരാർ നിലവിലുണ്ട്. ഇത് ലീഗൽ സെൽ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ നമീബിയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവരാൻ നേരത്തെ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, വേട്ടയാടലുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളിൽ അത് തടസ്സപ്പെട്ടു. എല്ലാ വർഷവും 8-10 വരെ ചീറ്റകളെ എത്തിക്കാനും അഞ്ച് വർഷത്തിനുള്ളിൽ അവയുടെ എണ്ണം 50 ആക്കാനുമാണ് പദ്ധതിയിടുന്നത്. ചീറ്റകൾക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ പരിശോധിക്കാൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സംഘം അടുത്ത ആഴ്ച കുനോ പാൽപൂർ ദേശീയോദ്യാനം സന്ദർശിക്കുന്നുണ്ട്.
2009ൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ചീറ്റയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. അമിതമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ നഷ്ടവും കാരണം ഇന്ത്യയിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട ഒരേയൊരു വലിയ മാംസഭോജിയാണ് ചീറ്റ. ചീറ്റകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സാധ്യതയുള്ള സ്ഥലമായി കുനോ പാൽപൂരിനെ അംഗീകരിച്ച് സുപ്രീം കോടതി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
കരയിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ജീവിയാണ് മാർജ്ജാര വംശത്തിൽപ്പെട്ട ചീറ്റപ്പുലി. മണിക്കൂറിൽ 100 കി.മീ വേഗതയിൽ ഓടാൻ ഇവക്ക് സാധിക്കും. മനുഷ്യരോട് ഇണങ്ങി ജീവിക്കാനും ചീറ്റകൾക്ക് കഴിയും. സംസ്കൃതത്തിലെ 'ചിത്ര' (അർത്ഥം- അലങ്കരിക്കപ്പെട്ടത്, അത്ഭുതകരം) എന്ന വാക്കിൽനിന്നാണ് ചീറ്റ എന്ന നാമം ഉത്ഭവിച്ചതെന്ന് കരുതുന്നു. ഇന്ത്യയിലെ പല രാജാക്കന്മാരും ഇത്തരം ചീറ്റകളെ പരിശീലിപ്പിച്ച് കൂടെക്കൂട്ടിയിരുന്നു. മൃഗങ്ങളെ വേട്ടയാടുന്നതിനായി പരിശീലിപ്പിച്ചെടുക്കാൻ സാധിക്കുന്നതിനാൽ ഇതിനെ വേട്ടപ്പുലി എന്നും വിളിക്കുന്നു.
ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ആഫ്രിക്കൻ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികൾ ഉണ്ടായിരുന്നത്. എന്നാൽ, ഇന്ത്യയിൽ ചീറ്റപുലികൾക്ക് പൂർണ്ണവംശനാശം സംഭവിച്ചു കഴിഞ്ഞു. ഇറാനിൽ 200 എണ്ണത്തിൽ താഴെ മാത്രമേ ഇവ അവശേഷിക്കുന്നുള്ളു. ആഫ്രിക്കയിലാകട്ടെ ഏകദേശം ആയിരത്തോളവും. രണ്ടിടത്തും ഇവയുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.