ഗുജറാത്ത് മോഡലല്ല, ദ്രാവിഡ മോഡലാണ് ഇന്ത്യ പിന്തുടരേണ്ടത് -കമൽഹാസൻ
text_fieldsചെന്നൈ: ഗുജറാത്ത് മോഡലല്ല, പകരം തമിഴ്നാടിന്‍റെ ദ്രാവിഡ മോഡലാണ് ഇന്ത്യ പിന്തുടരേണ്ടതെന്ന് നടനും മക്കൾ നീതി മയ്യം (എം.എൻ.എം) നേതാവുമായ കമൽഹാസൻ. ഡി.എം.കെയുടെ ദക്ഷിണ ചെന്നൈ സ്ഥാനാർഥി തമിഴ്ചി തങ്കപാണ്ഡ്യന്‍റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് എപ്പോഴും ഗുജറാത്ത് മോഡൽ മഹത്തരമാണെന്ന് പറയാൻ കഴിയില്ല. ഇനി ഇന്ത്യ ദ്രാവിഡ മാതൃക പിന്തുടരണം. ഞാൻ ഡി.എം.കെയോട് ദക്ഷിണ ചെന്നൈ സീറ്റ് ചോദിച്ചിരുന്നെങ്കിൽ, എനിക്ക് അത് ലഭിക്കുമായിരുന്നു. പക്ഷേ ഞാൻ ഇവിടെ സീറ്റിനായി വന്നില്ല. ഞങ്ങളുടെ സഹോദരിക്ക് വോട്ട് തേടാനാണ് ഇവിടെ വന്നത്. ചിഹ്നം മറക്കരുത് ഉദയ സൂര്യൻ, ഇത് നമ്മുടെ രാജ്യത്തിന് വേണ്ടിയാണ് -കമൽഹാസൻ പറഞ്ഞു.
ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ (ഡി.എം.കെ) സഖ്യകക്ഷിയാണ് എം.എൻ.എം. എം.എൻ.എമ്മിന് പുറമേ കോൺഗ്രസ്, വിടുതലൈ ചിരുതൈഗൽ കച്ചി (വി.സി.കെ), സി.പി.എം, സി.പി.ഐ എന്നിവയുൾപ്പെടെ ഡി.എം.കെയുടെ സഖ്യകക്ഷികളിൽ നിന്നുള്ള ധാരാളംപേർ പ്രചാരണ പരിപാടിയിൽ പങ്കെടുത്തു. തമിഴ്‌നാട്ടിൽ ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.