റഷ്യയുമായി നിർണായക മിസൈൽ കരാറായി; ഉപരോധ നിഴലിൽ ഇന്ത്യ
text_fieldsന്യൂഡൽഹി: അമേരിക്കൻ ഉപരോധ ഭീഷണി നിഴലിൽ ഇന്ത്യയും റഷ്യയും നിർണായകമായ മിസൈൽ കരാർ ഒപ്പിട്ടു. വ്യോമപ്രതിരോധത്തിനുള്ള ‘എസ്-400 ട്രയംഫ്’ എന്ന അത്യാധുനിക മിസൈൽ സംവിധാനം അഞ്ചെണ്ണം 39,000 കോടി രൂപക്ക് വാങ്ങുന്നതിനുള്ള കരാറാണ് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ ഇന്ത്യ സന്ദർശനത്തിെൻറ രണ്ടാം ദിവസം ഒപ്പുവെച്ചത്. എട്ട് ഉടമ്പടികൾകൂടി ഒപ്പുവെച്ച് രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി പുടിൻ വെള്ളിയാഴ്ച മടങ്ങി.
ബഹിരാകാശം, ആണവ സഹകരണം, െറയിൽവേ, കൃഷി എന്നീ മേഖലകളിലാണ് അവശേഷിക്കുന്ന എട്ടു കരാറുകൾ ഒപ്പിട്ടത്. ഇന്ത്യയിലെ ആറ് ആണവ പദ്ധതികൾക്ക് റഷ്യൻ സഹകരണമുണ്ടാകും. 2025ഒാടെ 3000 കോടി ഡോളറിെൻറ ഉഭയകക്ഷി വ്യാപാരവും ഇരുരാജ്യങ്ങളും ലക്ഷ്യംവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്ലാദിമിർ പുടിനും ഇറാൻ എണ്ണ ഇറക്കുമതിക്കെതിരെയുള്ള അമേരിക്കൻ ഉപരോധം അടക്കമുള്ള മേഖല വിഷയങ്ങൾ ചർച്ച ചെയ്തു. ഇതിന് പുറമെ ഭീകരതയും മയക്കുമരുന്ന് കടത്തും ചർച്ചയിൽ വന്നു. ഉപപ്രധാനമന്ത്രി യുരി ബോറിസോവ് അടക്കം ഉന്നതതല പ്രതിനിധി സംഘം പുടിനെ അനുഗമിച്ചിരുന്നു.
സൈനിക സംവിധാനങ്ങളുടെ കൈമാറ്റങ്ങൾക്കപ്പുറത്താണ് ഇരു രാജ്യങ്ങളുടെയും ബന്ധമെന്ന് റഷ്യൻ പ്രസിഡൻറ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാനുഷിക പരിഗണനയർഹിക്കുന്ന വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നിട്ടുണ്ടെന്ന് പുടിൻ വ്യക്തമാക്കി. 2019 സെപ്റ്റംബറിൽ റഷ്യയിൽ നടക്കുന്ന വ്യവസായ ഉച്ചകോടിക്ക് പുടിൻ മോദിയെ ക്ഷണിച്ചു. 400 കിലോമീറ്റർ ശേഷിയുള്ള ഉപരിതല-വ്യോമ മിസൈൽ സംവിധാനമായ എസ്-400 ട്രയംഫിനുള്ള കരാറിനെ ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ സ്വാഗതം ചെയ്തു.
അമേരിക്കയുടെ ശത്രുരാജ്യങ്ങളെ ഉപരോധത്തിലൂടെ നേരിടുന്നതിനുള്ള ആഭ്യന്തര നിയമപ്രകാരമാണ് (സി.എ.എ.ടി.എസ്.എ) റഷ്യയുമായി ആയുധ കരാറിലേർപ്പെടുന്നവർക്കെതിരെയുള്ള അമേരിക്കയുടെ ഉപരോധ ഭീഷണി. റഷ്യ, ഇറാൻ, കൊറിയ എന്നീ രാജ്യങ്ങളെയാണ് അമേരിക്ക ഇതിലൂടെ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. കരാർ ഒപ്പിടുേമ്പാഴല്ല, അതിന് പണം കൈമാറുന്ന മുറക്കാണ് ഉപരോധം ഏർപ്പെടുത്തുകയെന്ന് അമേരിക്ക നേരേത്ത വക്തേമാക്കിയിട്ടുണ്ട്. എസ്-400 ട്രയംഫിനുള്ള 15 ശതമാനം തുക ഇന്ത്യ ഇതിനകം നൽകിക്കഴിഞ്ഞു. അമേരിക്കൻ ഭീഷണി അവഗണിച്ച് 24 മാസത്തിനകം മിസൈൽ ഇന്ത്യയിലെത്തിക്കും. ഇവ വാങ്ങിയതിനെ തുടർന്ന് ചൈനക്കെതിരെ അമേരിക്ക ഉപരോധമേർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ഉപരോധ ഭീഷണി വകവെക്കാതെ ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയുമായും മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ പദ്ധതി.
എസ്-400 ട്രയംഫിനായുള്ള കരാറിനെ തുടർന്ന് അമേരിക്കൻ നിയമം അനുസരിച്ചുള്ള ഉപരോധത്തിൽനിന്ന് ഇന്ത്യയെ ഒഴിവാക്കുമോ എന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ അമേരിക്കൻ എംബസി തയാറായില്ല. ഉപരോധത്തിൽനിന്ന് ഒഴിവാക്കാൻ കർശനമായ നടപടിക്രമങ്ങളുണ്ടെന്ന് സ്ഥാനപതി കാര്യാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഒാരോ ഇടപാടും നോക്കിയായിരിക്കും ഇക്കാര്യം നിർണയിക്കുക. ഉപരോധ തീരുമാനത്തിെൻറ കാര്യത്തിൽ മുൻകൂട്ടി തീർപ്പുകൽപിക്കാൻ ആവില്ലെന്നും അമേരിക്കൻ സ്ഥാനപതി കാര്യാലയ വക്താവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.