ബ്രിട്ടീഷ് പാർലമെന്‍റിലും ചർച്ചയായി കർഷക സമരം; വിമർശിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ കുറിച്ച് ചർച്ച സംഘടിപ്പിച്ച ബ്രിട്ടീഷ് പാർലമെന്‍റ് നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്ര സർക്കാർ. കർഷകരുടെ സുരക്ഷ, മാധ്യമ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളിൽ നടന്ന ചർച്ചയെയാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷൻ വിമർശിച്ചത്.
സന്തുലിതമായ ഒരു സംവാദത്തിന് പകരം, അടിസ്ഥാനപരമായ വസ്തുതകളോ തെളിവുകളോ ഇല്ലാതെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിനെ അപലപിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ കുറിച്ചും അതിന്‍റെ സ്ഥാപനങ്ങളെ കുറിച്ചും ആക്ഷേപം ഉന്നയിക്കുകയാണെന്നും ഇന്ത്യൻ ഹൈക്കമീഷന്‍റെ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
ബ്രിട്ടീഷ് മാധ്യമങ്ങൾ ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങൾ ഇന്ത്യയിലുണ്ട്. ചർച്ചകൾക്ക് വിധേയമായ സംഭവങ്ങൾക്ക് അവർ സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ അഭാവമുണ്ടെന്ന ചോദ്യം ഉയരുന്നില്ലെന്നും ഇന്ത്യൻ ഹൈക്കമീഷന്‍ വ്യക്തമാക്കുന്നു.
ഇന്ത്യൻ വംശജനും മൈദെൻഹെഡ് ലിബറൽ ഡെമോക്രാറ്റിക് നേതാവുമായ ഗുർച് സിങ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 90 മിനിറ്റ് ദൈർഘ്യമുള്ള ചർച്ച ബ്രിട്ടീഷ് പാർലമെന്‍റ് തിങ്കളാഴ്ച സംഘടിപ്പിച്ചത്. ലേബർ പാർട്ടി, ലിബറൽ ഡെമോക്രാറ്റ്സ്, ദ് സ്കോട്ടിഷ് പാർട്ടി എന്നിവയുടെ എം.പിമാർ ചർച്ചയിൽ പങ്കെടുത്തിരുന്നു. ലക്ഷത്തിലധികം യു.കെ നിവാസികളാണ് അപേക്ഷയിൽ ഒപ്പുവെച്ചത്.
കഴിഞ്ഞ നവംബറിലാണ് വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യ തലസ്ഥാനമായ ഡൽഹിയുടെ അതിർത്തികളിൽ കർഷകർ സമരം ആരംഭിച്ചത്. ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് സമരത്തിൽ പങ്കെടുക്കുന്നത്. പോപ്പ് താരം റിഹാന, പരിസ്ഥിതി പ്രവർത്തനം ഗ്രെറ്റ തുൻബർഗ്, യു.എസ്, യു.കെ പാർലമെന്‍റ് അംഗങ്ങൾ പ്രതികരിച്ചതോടെയാണ് സമരത്തിന് രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.