ആഗോള ജനാധിപത്യ സൂചിക: ഇന്ത്യ 42ാമത്
text_fieldsന്യൂഡൽഹി: ആഗോള ജനാധിപത്യ സൂചികയിൽ 10 പോയൻറ് ഇടിഞ്ഞ് ഇന്ത്യ 42ാം സ്ഥാനത്തേക്ക് താഴ്ന്നു. കഴിഞ്ഞ വർഷം 32ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. മതവിഭാഗീയ ചിന്തയുടെയും വലതുപക്ഷ ഹിന്ദുത്വശക്തികളുടെയും വളർച്ച, ന്യൂനപക്ഷങ്ങൾക്കും പ്രത്യേകിച്ച് മുസ്ലിംകൾക്കുമെതിരായ അക്രമം, ആൾക്കൂട്ടത്തിെൻറ നിയമം കൈയിലെടുക്കൽ, എതിർസ്വരങ്ങളെ അടിച്ചമർത്തൽ എന്നിവയാണ് സൂചികയിൽ ഇന്ത്യയെ പിന്നോട്ടടിപ്പിച്ചത്. നോർവേയാണ് ഇത്തവണയും ഒന്നാമത്. തൊട്ടുപിന്നാലെ െഎസ്ലൻഡും സ്വീഡനുമുണ്ട്. ന്യൂസിലൻഡ് -നാല്, ഡെന്മാർക് -അഞ്ച് എന്നിവ കൂടാതെ അയർലൻഡ്, കാനഡ, ആസ്ട്രേലിയ, ഫിൻലൻഡ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടംപിടിച്ചത്. ബ്രിട്ടനിലെ വൻകിട മാധ്യമസ്ഥാപനമായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിനു കീഴിലെ ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റാണ് (ഇ.െഎ.യു) ആഗോള ജനാധിപത്യ സൂചിക തയാറാക്കുന്നത്. സൂചികയിൽ പ്രശ്നങ്ങളുള്ള ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം. ജപ്പാൻ, ഇറ്റലി, ഫ്രാൻസ്, ഇസ്രായേൽ, സിംഗപ്പൂർ, ഹോേങ്കാങ് എന്നീ രാജ്യങ്ങളും ഇതേ പട്ടികയിലാണ്.
അമേരിക്ക 21ാം സ്ഥാനത്തുണ്ട്. തെരഞ്ഞെടുപ്പ്, ബഹുസ്വരത, മനുഷ്യാവകാശം, സർക്കാർ പ്രവർത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്കാരം എന്നിവയെ അടിസ്ഥാനമാക്കി 165 സ്വതന്ത്ര രാജ്യങ്ങൾക്കും രണ്ട് പ്രവിശ്യകൾക്കുമാണ് ഇ.െഎ.യു റാങ്ക് നൽകിയത്. സമ്പൂർണ ജനാധിപത്യം, പ്രശ്ന ജനാധിപത്യം, ജനാധിപത്യവും ഏകാധിപത്യവും മാറി വരുന്ന ഹൈബ്രിഡ് ഭരണകൂടം, ഏകാധിപത്യ ഭരണം എന്നിവയുടെ അടിസ്ഥാനത്തിലും രാജ്യങ്ങളെ തരംതിരിച്ചിട്ടുണ്ട്.
ആകെ 19 രാജ്യങ്ങളാണ് പൂർണ ജനാധിപത്യ പട്ടികയിലുള്ളത്. പാകിസ്താൻ (110), ബംഗ്ലാദേശ് (92), നേപ്പാൾ (94), ഭൂട്ടാൻ (99)എന്നിവയെ ഹൈബ്രിഡ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈന (139), മ്യാന്മർ (120), റഷ്യ (135), വിയറ്റ്നാം (140) എന്നിവ ഏകാധിപത്യരാജ്യങ്ങളുടെ പട്ടികയിലാണുള്ളത്.
ഇത്തവണ ആഗോള മാധ്യമസ്വാതന്ത്ര്യവും ഇ.െഎ.യു വിലയിരുത്തി. അതനുസരിച്ച് ഇന്ത്യയിൽ മാധ്യമങ്ങൾക്ക് ഭാഗിക സ്വാതന്ത്ര്യമേയുള്ളൂ. മാധ്യമപ്രവർത്തകർക്ക് ഗവൺമെൻറിൽനിന്നെന്നതുപോലെ സൈന്യം, ഭീകരർ, വിമത സംഘടനകൾ എന്നിവിടങ്ങളിൽനിന്നും ഭീഷണി നേരിടേണ്ടിവരുന്നു. ഛത്തിസ്ഗഢും ജമ്മു-കശ്മീരും മാധ്യമപ്രവർത്തകർക്ക് വലിയ ഭീഷണി ഉയർത്തുന്ന സംസ്ഥാനങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലോക ജനസംഖ്യയുടെ പകുതിയോളം വരുന്നവർ (49.3 ശതമാനം) ജനാധിപത്യ രാജ്യങ്ങളിലാണ് അധിവസിക്കുന്നത്. എന്നാൽ, 4.5 ശതമാനം പേർ മാത്രമാണ് പൂർണ ജനാധിപത്യ രാജ്യങ്ങളിൽ താമസിക്കുന്നത്. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് ഏകാധിപത്യ രാജ്യങ്ങളിലാണ് കഴിയുന്നത്. ഇതിൽ ഭൂരിപക്ഷം പേരും ചൈനയിലും. ജനാധിപത്യ സൂചികയിൽ ഉത്തര കൊറിയയാണ് ഏറ്റവും പിന്നിൽ- 167ാം സ്ഥാനം. തൊട്ടു മുന്നിൽ സിറിയയുണ്ട്, 166ാമതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.