ബെഗുസരായിൽ കനയ്യകുമാർ വേണ്ട; ഇൻഡ്യയിൽ തർക്കം, സ്ഥാനാർഥിയെ നിർത്തി സി.പി.ഐ
text_fieldsപാട്ന: ബിഹാറിലെ ബെഗുസരായി മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് സി.പി.ഐ. മുന്‍ എം.എല്‍.എ അവദേഷ് റായിയാണ് സ്ഥാനാര്‍ഥിയെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി എ. രാജ പറഞ്ഞു. ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് കനയ്യ കുമാറിനെ ഇൻഡ്യ സഖ്യത്തിന്‍റെ സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ കോൺഗ്രസ് സമ്മർദം ചെലുത്തുന്ന മണ്ഡലമാണ് ബെഗുസരായി. എന്നാൽ, സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് സി.പി.ഐ നിലപാട്.
സി.പി.ഐ വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫ് ദേശീയ നേതാവായിരുന്ന കനയ്യകുമാർ പിന്നീട് കോൺഗ്രസിലേക്ക് മാറുകയായിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കനയ്യകുമാർ സി.പി.ഐ സ്ഥാനാർഥിയായി ബി.ജെ.പിയുടെ ഗിരിരാജ് സിങ്ങിനോട് മത്സരിച്ചു പരാജയപ്പെട്ട മണ്ഡലമാണ് ബെഗുസരായി. സ്വന്തം തട്ടകമായ ബെഗുസരായി തന്നെ വേണം എന്നാണ് കനയ്യയുടെ നിലപാട്. ഈ സീറ്റ് കനയ്യയ്ക്ക് നല്‍കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ, സീറ്റ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ. കഴിഞ്ഞ തവണ കനയ്യക്കെതിരെ ആർ.ജെ.ഡിയും സ്ഥാനാർഥിയെ നിർത്തിയിരുന്നു.
2019ലെ തെരഞ്ഞെടുപ്പിൽ 4,22,217 വോട്ടിനാണ് കനയ്യകുമാർ ബെഗുസരായിൽ പരാജയപ്പെട്ടത്. ഗിരിരാജ് സിങ് 6,92,193 വോട്ട് നേടിയപ്പോൾ കനയ്യകുമാർ 2,69,976 വോട്ടാണ് നേടിയത്. ആർ.ജെ.ഡി സ്ഥാനാർഥി തൻവീർ ഹസ്സൻ 1,98,233 വോട്ട് നേടിയിരുന്നു. ഇത്തവണ മണ്ഡലത്തിൽ ഏറ്റവും വിജയസാധ്യതയുള്ളത് കനയ്യകുമാറിനാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ വാദം.
ഒരുകാലത്ത് സി.പി.ഐയുടെ ശക്തികേന്ദ്രമായിരുന്നു ബെഗുസരായി. 1967ല്‍ സി.പി.ഐയുടെ യോഗേന്ദ്ര ശര്‍മ്മ വിജയിച്ചത് ബെഗുസരായി മണ്ഡലത്തില്‍ നിന്നാണ്.
ബിഹാറിൽ ബെഗുസരായി, ബാങ്ക, മധുബനി എന്നീ മൂന്ന് സീറ്റുകളിൽ ഇൻഡ്യ സഖ്യത്തിലെ കക്ഷികളുമായി സി.പി.ഐ തർക്കത്തിലാണ്. മൂന്നിടത്തും സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് നീക്കം. എന്നാൽ, ബാങ്കയിൽ ആർ.ജെ.ഡി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. മുതിർന്ന നേതാവ് ജയ്പ്രകാശ് യാദവാണ് സ്ഥാനാർഥി.
മധുബനിയിലും തര്‍ക്കം നിലനില്‍ക്കുകയാണ്. മധുബനി മണ്ഡലം തങ്ങള്‍ക്ക് വേണമെന്നാണ് ആർ.ജെ.ഡിയുടെ നിലപാട്. ജെ.ഡി.യുവില്‍നിന്ന് രാജിവെച്ച് ആർ.ജെ.ഡിയില്‍ ചേര്‍ന്ന മുന്‍ എം.പി മുഹമ്മദ് അലി അഷ്റഫ് ഫത്മിയെ മധുബനിയില്‍ സ്ഥാനാർഥിയാക്കാനാണ് ആർ.ജെ.ഡി നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.