ചൈനയുടെ നിരീക്ഷണ ബലൂൺ ഇന്ത്യൻ പരിധിയിലും കണ്ടതായി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ചൈനയുടെ നിരീക്ഷണ ബലൂൺ ഒരു വർഷം മുമ്പ് ഇന്ത്യയുടെ തന്ത്രപ്രധാനമേഖലയായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് മുകളിലും കണ്ടെത്തിയിരുന്നെന്ന് റിപ്പോർട്ട്. 2022ൽ ദ്വീപ് നിവാസികൾ ബലൂണിനെ അടുത്തു കാണുകയും പലരും ഫോട്ടോകളെടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇന്ത്യൻ പ്രതിരോധ സേന ജാഗ്രതയോടെ ബലൂൺ നിരീക്ഷിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഈ മാസം ആദ്യം യു.എസ് ചൈനയുടെ ചാര ബലൂൺ വെടിവെച്ചിട്ടതിനു പിന്നാലെയാണ് പലയിടത്തും നിരീക്ഷണ ബലൂൺ കണ്ടെത്തിയതായുള്ള വാർത്തകൾ വരുന്നത്. ഇന്ത്യയുടെ മിസൈൽ പരീക്ഷണ മേഖലയായ ബേ ഓഫ് ബംഗാളിനടുത്താണ് ദ്വീപുള്ളത്.
ചൈനയുടെ ബലൂൺ ഇന്ത്യൻ അതിർത്തിയിലും ഉണ്ടായിരുന്നെന്ന് വിവരം ഉറപ്പായതോടെ, ഇന്ത്യൻ അധികൃതർ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും ഉടനടി നടപടികൾ സ്വീകരിക്കാനുമായി കൂടുതൽ ജാഗ്രത പുലർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ റഡാർ നിരീക്ഷണത്തിൽ ബലൂൺ വന്നിരുന്നെങ്കിലും അതിനെ കുറിച്ച് തീരുമാനമെടുക്കുമ്പോഴേക്കും ബലൂൺ ഇന്ത്യൻ പരിധിയിൽ നിന്ന് അകന്നുപോയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
അതേസമയം, ഇത് ചാര ബലൂണല്ലെന്നും കാലാവസ്ഥാ നിരീക്ഷണ ബലൂണാണെന്നും ബലൂൺ വെടിവെച്ചിട്ട യു.എസിന്റെ നടപടി അമിത പ്രതികരണമാണെന്നുമായിരുന്നു ചൈനയുടെ ആരോപണം.
നിലവിൽ ബലൂണിന്റെ അവശിഷ്ടങ്ങൾ യു.എസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വർഷങ്ങൾ നീണ്ട ചൈനയുടെ നിരീക്ഷണ പദ്ധതിയുടെ ഭാഗമാണ് ബലൂണെന്നും ആഗോളതലത്തിൽ പലയിടങ്ങളിലായി ചൈന ഇത്തരം ബലൂണുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നും യു.എസ് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.