ഇന്ത്യൻ കുഞ്ഞിനെ തിരികെ എത്തിക്കാൻ വഴി തുറക്കുന്നു; ജർമൻ സ്ഥാനപതിയോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: പരിക്കിന്റെ പേരിൽ ജർമൻ ചൈൽഡ് സർവിസസിന് കൈമാറിയ ഇന്ത്യൻ മാതാപിതാക്കളുടെ കുഞ്ഞിനെ തിരികെ ലഭിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടതായി റിപ്പോർട്ട്. ജർമൻ സ്ഥാനപതി ഫിലിപ്പ് അക്കർമാനോട് കുഞ്ഞിനെ തിരികെ എത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. കഴിഞ്ഞ ഡിസംബറിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കിനോട് കുഞ്ഞിനെ തിരികെ നൽകുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.
രണ്ടര വയസുകാരിയായ മകളെ തിരികെക്കിട്ടാൻ എം.പിമാരുടെ പിന്തുണ തേടി അമ്മ ധാരാ ഷാ ബുധനാഴ്ച പാർലമെന്റിൽ എത്തിയിരുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ വിവിധ കക്ഷികളുടെ എം.പിമാരെത്തി അമ്മയുടെ പോരാട്ടത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. ഏഴുമാസം പ്രായമായമുള്ളപ്പോഴാണ് ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച അരീഹ ഷായെ പരിക്കിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത് ജർമൻ ചൈൽഡ് സർവിസസിന്റെ സംരക്ഷണത്തിന് കൈമാറിയത്.
2021 സെപ്റ്റംബർ 17ന് വീട്ടിൽ ഒറ്റക്ക് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുഞ്ഞിനേറ്റ പരിക്ക് കാണിക്കാൻ ആശുപത്രിയിൽ കൊണ്ടു പോയതാണ് ഗുജറാത്തിൽ നിന്ന് ജർമനിയിലേക്ക് പോയ ഭഷേവ് ഷാ-ധാരാ ഷാ ദമ്പതികൾക്ക് കുഞ്ഞിനെ നഷ്ടമാകാനിടയാക്കിയത്.
കുഞ്ഞിനെ മറ്റാരും പരിചരിച്ചിട്ടില്ലെന്നും കുഞ്ഞ് മാതാപിതാക്കളുടെ പക്കലായിരിക്കേയുണ്ടായ പരിക്കിന് ഉത്തരവാദിത്തം അവർക്ക് തന്നെയാണെന്നും ഏഴു മാസത്തിനിടെ അമ്മയുടെ പരിചരണത്തിലെ വീഴ്ചയാണിതിന് കാരണമെന്നും രണ്ടു തവണ പരിക്കേറ്റ ആ കുഞ്ഞിനെ സംരക്ഷിക്കാൻ ഇനി മാതാപിതാക്കൾക്ക് അവകാശമില്ലെന്നും വിലയിരുത്തിയാണ് കുഞ്ഞിന്റെ സുരക്ഷ മുൻനിർത്തി മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി അധികൃതർ കെയർ സെന്ററിലേക്ക് മാറ്റിയത്.
ഏറ്റവും ഒടുവിൽ ജൂൺ 13ന് പുറപ്പെടുവിച്ച വിധിയിൽ ‘പാരന്റ് ആൻഡ് ചൈൽഡ് സെന്ററി’ലേക്ക് അരീഹയെ മാറ്റാനും മാതാപിതാക്കളുടെ നിത്യസന്ദർശനം വിലക്കാനും ജർമൻ കോടതി ഉത്തരവിട്ടു. അതേസമയം, ഏതെങ്കിലും തരത്തിൽ ലൈംഗികപീഡനം കുഞ്ഞിനുണ്ടായിട്ടില്ലെന്ന് ആശുപത്രി റിപ്പോർട്ട് നൽകുകയും ചെയ്തു. ജർമൻ പൊലീസ് നടത്തിയ അന്വേഷണത്തിലും ലൈംഗിക പീഡനമേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.
നേരത്തേ, സമാന സംഭവത്തിൽ നോർവേയിൽ നിന്ന് ബംഗാളി ദമ്പതികൾക്ക് കുഞ്ഞിനെ തിരികെക്കിട്ടാൻ പ്രധാനമന്ത്രി നയതന്ത്രതലത്തിൽ ഇടപെട്ടത് ഉദാഹരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.