ഇൻഡ്യ സംഘം മണിപ്പൂരിലേക്ക്; സാഹചര്യങ്ങൾ നേരിട്ടു മനസ്സിലാക്കും
text_fieldsന്യൂഡൽഹി: മൂന്നു മാസമായി കലാപം കത്തുന്ന മണിപ്പൂരിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിനോക്കാത്ത പശ്ചാത്തലത്തിൽ, സാഹചര്യങ്ങൾ നേരിട്ടു മനസ്സിലാക്കാനും ഇരകളോട് അനുതാപം പ്രകടിപ്പിച്ചും പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയുടെ പ്രതിനിധിസംഘം ശനി, ഞായർ ദിവസങ്ങളിൽ അവിടം സന്ദർശിക്കും.
പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി മണിപ്പൂരിന് പോകാൻ നേരത്തെ ശ്രമിച്ചെങ്കിലും സുരക്ഷപരമായ കാരണങ്ങളുടെ പേരിൽ അനുമതി ലഭിച്ചില്ല. പിന്നീട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇടത്, മുസ്ലിംലീഗ്, കേരള കോൺഗ്രസ് സംഘങ്ങളും മണിപ്പൂരിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചിരുന്നു. ഇൻഡ്യ സംഘത്തിൽ 20ഓളം പേരുണ്ടാകും.
ഇൻഡ്യയുടെ നേതൃത്വത്തിൽ പാർലമെന്റിൽ പ്രതിഷേധം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ മുന്നണിയിലെ എം.പിമാർ കറുത്ത വേഷം ധരിച്ചാണ് വ്യാഴാഴ്ച പാർലമെന്റിലെത്തിയത്. പാർലമെന്റ് തുടർച്ചയായ ആറാം ദിവസവും പ്രതിഷേധത്തിൽ മുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനത്തിന് പോവുകയും, പ്രസംഗങ്ങളിൽ പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയുമാണ് ചെയ്തത്.
ഇൻഡ്യ മുന്നണി നൽകിയ അവിശ്വാസപ്രമേയത്തിന് ലോക്സഭയിൽ അവതരണാനുമതി നൽകിയെങ്കിലും, എന്ന് ചർച്ചക്കെടുക്കുമെന്ന അനിശ്ചിതത്വം തുടരുകയാണ്. പ്രമേയം ചർച്ചക്കെടുത്തശേഷം മാത്രം മറ്റു നടപടികളിലേക്ക് കടക്കണമെന്ന ആവശ്യം സ്പീക്കർ ഓം ബിർല അംഗീകരിച്ചില്ല. എല്ലാവരുമായി കൂടിയാലോചിച്ച് പിന്നീട് അറിയിക്കാമെന്ന് സഭയിൽ ആവർത്തിക്കുകയാണ് സ്പീക്കർ ചെയ്തത്.
സർക്കാറാകട്ടെ, ഇരു സഭകളിലും നടുത്തള പ്രതിഷേധം തുടരുന്നതു വകവെക്കാതെ നിരവധി ബില്ലുകൾ ചർച്ച കൂടാതെ പാസാക്കുകയാണ്. മണിപ്പൂർ വിഷയത്തിലും ആപ് എം.പി സഞ്ജയ് സിങ്ങിനെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ച് ഗാന്ധി പ്രതിമക്കു മുന്നിൽ നടത്തി വരുന്ന രാപകൽ സമരരീതി മാറ്റാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭ്യർഥിച്ചു. പാർലമെന്റ് സമ്മേളിക്കുന്ന സമയത്തുമാത്രം ധർണ മതിയെന്ന് അദ്ദേഹം സഞ്ജയ്സിങ്ങിനോട് പറഞ്ഞു. അടുത്ത ദിവസം മുതൽ ഇത് നടപ്പാക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ അവഹേളിക്കുകയാണെന്നും ഇതിലും വലിയ ഇരുണ്ടകാലം ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായ ഖാർഗെയുടെ മൈക്ക് ഓഫ് ചെയ്തത്, സഞ്ജയ് സിങ്ങിന്റെ സസ്പെൻഷൻ എന്നീ വിഷയങ്ങൾ മുൻനിർത്തി വ്യാഴാഴ്ചയും രാജ്യസഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.