ഇൻഡ്യ ഭയത്തിൽ ഭാരതത്തിലേക്ക്
text_fieldsന്യൂഡൽഹി: പതിവുതെറ്റിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് സ്വയം വിശേഷിപ്പിച്ചതോടെ ഈമാസം വിളിച്ചുചേർക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ രാജ്യത്തിന്റെ പേരുമാറ്റത്തിനുള്ള ബിൽ അവതരിപ്പിക്കുമെന്ന അഭ്യൂഹം ശക്തമായി. ജി 20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴവിരുന്നിന്റെ ക്ഷണക്കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നുപയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആസിയാൻ-ഇന്ത്യ സമ്മേളനത്തിനായി ഇന്തോനേഷ്യയിലേക്ക് തിരിക്കുന്നതിന്റെ ഔദ്യോഗിക അറിയിപ്പിൽ ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്നാണുള്ളത്. പേര് മാറ്റാനുള്ള നിയമനിർമാണത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ബിൽ കൊണ്ടുവരുമെന്ന വാർത്ത ബി.ജെ.പി തള്ളിക്കളഞ്ഞില്ല. അതേസമയം, ഇന്ത്യയുടെ പേര് ഭാരതം എന്ന് മാത്രമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു.
ജി 20 ഉച്ചകോടിയുടെ ആദ്യദിവസമായ ഈ മാസം ഒമ്പതിന് രാഷ്ട്രപതിഭവനിൽ ഒരുക്കുന്ന അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് ചേർത്തത്. രാഷ്ട്രപതിയുടെയും സർക്കാറിന്റെയും നീക്കത്തെ വിമർശിച്ച പ്രതിപക്ഷം വരുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാൻ പ്രതിപക്ഷം രൂപവത്കരിച്ച മുന്നണിക്ക് ‘ഇൻഡ്യ’ എന്ന് പേരിട്ടത് മുതൽ തുടങ്ങിയ ‘ഇൻഡ്യ’യെ പേടിയാണിതെന്ന് പരിഹസിച്ചു. രാഷ്ട്രപതിയുടെ നടപടിയെ പ്രശംസിച്ച് ആർ.എസ്.എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തി മുതൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വരെയുള്ള സംഘ്പരിവാർ നേതാക്കളും അമിതാഭ് ബച്ചൻ തൊട്ട് വീരേന്ദ്ര സെവാഗ് വരെയുള്ള കേന്ദ്രസർക്കാറിനൊപ്പം നിൽക്കുന്ന സെലിബ്രിറ്റികളും രംഗത്തുവന്നു. ഭാരത് മാതാ കീ ജയ് എന്ന ‘എക്സ്’ പോസ്റ്റുമായി അമിതാഭ് ബച്ചനും ഭാരതം എന്ന പേരുപയോഗിച്ച് നിരവധി പോസ്റ്റുകൾ പങ്കുവെച്ച് വിവാദത്തിൽ വീരേന്ദ്ര സെവാഗും സർക്കാർപക്ഷം പിടിച്ചു.
‘ഇന്ത്യയാണ് ഭാരതം’ എന്ന് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം വ്യക്തമാക്കിയിരിക്കെ ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ഇന്ത്യയെന്നും ഹിന്ദിയിൽ ഭാരത് എന്നും ഉപയോഗിക്കുകയാണ് രാജ്യം തുടരുന്ന രീതി. ഇത് അവസാനിപ്പിച്ച് ‘ഭാരതം’ എന്ന് മാത്രമാക്കി രാജ്യത്തിന്റെ പേര് മാറ്റുന്നതിനുള്ള നിയമനിർമാണം ഈ മാസം 18 മുതൽ 22വരെയുള്ള പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ നടന്നേക്കുമെന്ന് സർക്കാറിനെ പിന്തുണക്കുന്ന നിരവധി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതേക്കുറിച്ച അന്വേഷണങ്ങളോട് സർക്കാർവൃത്തങ്ങൾ പ്രതികരിച്ചില്ല. പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയും സർക്കാർ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ബി.ജെ.പി അജണ്ടയുടെ ഭാഗമായി ഭരണഘടനയിൽനിന്ന് ‘ഇന്ത്യ’ എന്ന പേര് നീക്കി ഭാരതം എന്ന് മാത്രമാക്കാനുള്ള ഒരു സ്വകാര്യ ബിൽ പർവേഷ് വർമ എം.പി തയാറാക്കിയിട്ടുണ്ട്. എന്നാൽ, സ്വകാര്യ ബിൽ അവതരണമോ ശൂന്യവേളയോ ചോദ്യോത്തരമോ പ്രത്യേക സമ്മേളനത്തിലുണ്ടാവില്ലെന്നാണ് എം.പിമാർക്കുള്ള അറിയിപ്പ്.
രാജ്യത്തിന്റെ പേര് മേലിൽ ‘ഭാരതം’ എന്ന് മാത്രമേ ഉപയോഗിക്കാവൂ എന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് ഈമാസം രണ്ടിനാണ് ആവശ്യപ്പെട്ടത്. 400 പ്രാവശ്യം ഭേദഗതിചെയ്ത ഭരണഘടന ഇന്ത്യ എന്ന പേര് മാറ്റി ഭാരതം ആക്കാൻ ഭേദഗതി ചെയ്യുന്നതിൽ തെറ്റില്ലെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി പ്രതികരിച്ചു.
ഇന്ത്യയും ഭാരതവും
ന്യൂഡൽഹി: ഇന്ത്യ, ഭാരതം എന്നീ രണ്ടു നാമങ്ങളും നിയമപരവും ഔദ്യോഗികവുമാണ്. ‘റിപ്പബ്ലിക് ഓഫ് ഇന്ത്യ’, ‘ഭാരത് ഗണരാജ്യ’ എന്നിവ രണ്ടും ഇന്ത്യൻ പാസ്പോർട്ടുകളിലുണ്ട്. ‘ഇന്ത്യ അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുന്നതാണ്’ എന്നാണ് ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം അനുഛേദം പറയുന്നത്. ഇന്ത്യയോ ഭാരതമോ എന്ന ചർച്ചക്കൊടുവിൽ ഭരണഘടനാസഭ രാജ്യത്തിനു നൽകിയ പേരാണ് ഇന്ത്യ എന്ന ഭാരതം. ഭാരതം എന്ന പേരുമാത്രം മതിയെന്നും ഇന്ത്യ ഒഴിവാക്കണമെന്നും ഇന്ത്യ മാത്രം മതിയെന്നുമുള്ള അംഗങ്ങളുടെ അഭിപ്രായങ്ങൾക്കൊടുവിലാണ് ഭരണഘടനയുടെ ഒന്നാം അനുഛേദത്തിൽ ‘ഇന്ത്യ എന്ന ഭാരതം’ ആയി രാജ്യത്തിന്റെ പേരു മാറിയത്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പേരു മാറ്റി ഭാരത് റിപ്പബ്ലിക് ആക്കാൻ നിരവധി ഭരണഘടന ഭേദഗതികൾ ആവശ്യമായി വരുമെന്നാണ് ഭരണഘടന വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.