ഇന്ത്യ ഇറാൻ തുറമുഖം വഴി 20,000 മെട്രിക് ടൺ ഗോതമ്പ് അഫ്ഗാന് അയക്കും
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്ഥാന് പുതിയ സഹായം പ്രഖ്യാപിച്ച് ഇന്ത്യ. ഇറാൻ തുറമുഖം വഴി ഇന്ത്യ 20,000 മെട്രിക് ടൺ ഗോതമ്പ് അഫ്ഗാന് സഹായമായി നൽകും. ഡൽഹിയിൽ നടന്ന അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഇന്ത്യ-മധ്യേഷ്യ സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ യോഗത്തിലാണ് യുദ്ധത്തിൽ തകർന്ന രാജ്യത്തെ സ്ഥിതിഗതികൾ വിപുലമായ ചർച്ചക്ക് വിധേയമാക്കിയത്.
എല്ലാ അഫ്ഗാനികളുടെയും അവകാശങ്ങളെ മാനിക്കുകയും സ്ത്രീകൾ, പെൺകുട്ടികൾ, ന്യൂനപക്ഷ വിഭാഗങ്ങളിലെ അംഗങ്ങൾ എന്നിവർക്ക് വിദ്യാഭ്യാസ പ്രവേശനം ഉൾപ്പെടെയുള്ള തുല്യ അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഘടന രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യത്തിന് യോഗം ഊന്നൽ നൽകിയതായി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് യൂനിവേഴ്സിറ്റി വിദ്യാഭ്യാസം നിരോധിക്കാനുള്ള താലിബാന്റെ തീരുമാനത്തെ വിമർശിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു.
അഫ്ഗാനിസ്ഥാന്റെ പ്രദേശം ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് അഭയം നൽകുന്നതിനോ പരിശീലനത്തിനോ ആസൂത്രണം ചെയ്യുന്നതിനോ ധനസഹായം നൽകുന്നതിനോ ഉപയോഗിക്കരുതെന്ന് യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങൾ ഊന്നിപ്പറഞ്ഞു, ഒരു തീവ്രവാദ സംഘടനകൾക്കും സങ്കേതം നൽകരുതെന്നും പ്രദേശം ഉപയോഗിക്കാൻ അനുവദിക്കരുതെന്നും അവർ ആവർത്തിച്ചു.
ആതിഥേയരായ ഇന്ത്യയെ കൂടാതെ, കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.