സാർവത്രിക വാക്സിനേഷൻ അടിയന്തരമായി നടപ്പാക്കണം -യെച്ചൂരി
text_fieldsന്യൂഡൽഹി: സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ രാജ്യത്ത് എത്രയും വേഗം നടപ്പാക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരമൊരു അടിയന്തര ഘട്ടത്തിൽ നിർബന്ധിത ലൈസൻസിങ് വ്യവസ്ഥകൾ സ്വീകരിച്ച് യോഗ്യരായ നിർമാതാക്കളെയെല്ലാം ഉപയോഗിച്ച് വാക്സിൻ നിർമിക്കാൻ ആവശ്യപ്പെടാൻ കേന്ദ്ര സർക്കാറിന് മാത്രമേ അധികാരമുള്ളൂവെന്നും യെച്ചൂരി ട്വീറ്റിൽ പറഞ്ഞു.
ഓക്സിജനും വാക്സിനും അടിയന്തരമായി ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഓക്സിജന്‍റെയും വാക്സിന്‍റെയും വിതരണത്തിനാണ് പ്രാഥമിക പരിഗണന നൽകേണ്ടതെന്ന് കത്തിൽ പറഞ്ഞു. രാജ്യത്തെ എല്ലാ ആശുപത്രികളിലേക്കും ഓക്സിജനെത്തിക്കാനുള്ള നടപടി ആരംഭിക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകണമെന്നും മരണം തടയാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.
യെച്ചൂരിയുടെ മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യെച്ചൂരി ദിവസങ്ങൾക്ക് മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 33 വയസായിരുന്നു. മകന് കോവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.