ഇസ്രായേലിലുള്ള പൗരന്മാർക്ക് ഇന്ത്യയുടെ ജാഗ്രത നിർദേശം
text_fieldsന്യൂഡൽഹി: ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ വധത്തോടെ പശ്ചിമേഷ്യയിൽ രൂപപ്പെട്ട സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇസ്രായേലിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയുടെ നിർദേശം.
ഇസ്രായേലിനകത്ത് യാത്ര ഒഴിവാക്കാനും അടച്ചിട്ട ഷെൽട്ടറുകളിൽ കഴിയാനും ഇസ്രായേൽ അധികൃതരുമായി നിരന്തര സമ്പർക്കം പുലർത്താനുമാണ് ഇന്ത്യൻ എംബസി മുഖേന വിദേശ മന്ത്രാലയം നൽകിയ സന്ദേശം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ലബനാനിലേക്ക് യാത്ര നടത്തരുതെന്ന് ബൈറൂത്തിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയതിന്റെ പിറ്റേന്നാണ് ഇസ്രായേലിലും സമാന നിർദേശം.
ഇസ്രായേലിലേക്കുള്ള വിമാന സർവിസ് ആഗസ്റ്റ് എട്ടുവരെ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. തങ്ങളുടെ വ്യോമപാത തീർത്തും സുരക്ഷിതമാണെന്ന് ഇസ്രായേൽ അവകാശപ്പെട്ടുകൊണ്ടിരിക്കേ എയർ ഇന്ത്യ കൂടാതെ പത്തോളം അന്തർദേശീയ കമ്പനികളും വിമാനങ്ങൾ റദ്ദാക്കി.
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം
ന്യൂഡൽഹി: ഫലസ്തീൻ ജനതക്കെതിരായി നടക്കുന്ന സാമ്രാജ്യത്വ-സയണിസ്റ്റ് കടന്നാക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ രാജ്യവ്യാപകമായി ഐക്യദാർഢ്യ ദിനാചരണം സംഘടിപ്പിച്ചു. സുർജിത് ഭവനിൽ ചേർന്ന സമ്മേളനത്തിൽ ഫലസ്തീൻ സ്ഥാനപതി അദ്നാൻ മുഹമ്മദ് അബുൾഹാജ മുഖ്യാതിഥിയായി. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രായേൽ ഫലസ്തീൻ ജനതക്കുനേരെ നടത്തുന്ന കടന്നാക്രമണം എല്ലാ അതിരും ലംഘിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിനെതിരെ അമേരിക്കൻ സർവകലാശാലകളിൽ അടക്കം ഉയരുന്ന പ്രതിഷേധവും രോഷവും പ്രത്യാശജനകമാണെന്നും സ്ഥാനപതി പറഞ്ഞു.
ക്യൂബൻ സ്ഥാനപതി ഏബൽ അബല്ലെ, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, വൈസ് പ്രസിഡന്റുമാരായ പ്രതീക് ഉർ റഹ്മാൻ, സംഗീത ദാസ്, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, സെക്രട്ടേറിയറ്റംഗം ഐഷി ഘോഷ് എന്നിവർ സംസാരിച്ചു.
ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ‘അന്താരാഷ്ട്ര ഫലസ്തീൻ ഐക്യദാർഢ്യ ദിന’വുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.ഐ എം.എൽ ഡൽഹി സംസ്ഥാന സെക്രട്ടറി രവി റായി എന്നിവർ സംസാരിച്ചു. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കുക, ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുക, ഇസ്രായേലിനെതിരെ സൈനിക ഉപരോധം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.