ഇന്ത്യ-യു.എസ് ‘2+2 സംഭാഷണം’ സെപ്റ്റംബർ ആറിന്
text_fieldsവാഷിങ്ടൺ: ഇന്ത്യ-യു.എസ് ‘2+2 സംഭാഷണം’ സെപ്റ്റംബർ ആറിന് ന്യൂഡൽഹിയിൽ നടക്കുമെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. നീണ്ട കാത്തിരിപ്പിനു ശേഷം ഇരുരാജ്യങ്ങളുടെയും രണ്ടു വീതം മന്ത്രിമാരടങ്ങുന്ന ആദ്യ സംഭാഷണമാണിത്.
ഇന്ത്യ-പസഫിക് മേഖല നേരിടുന്ന വെല്ലുവിളികൾ, ഉഭയകക്ഷി ബന്ധങ്ങൾ, സുരക്ഷ, പ്രതിരോധരംഗത്തെ സഹകരണം തുടങ്ങിയവയാണ് ചർച്ചയാവുക. ജൂൺ 27നും പിന്നീട് ജൂലൈ ആറിനും വാഷിങ്ടണിൽ തീരുമാനിച്ച ഉഭയകക്ഷി ചർച്ച ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ മാറ്റിയെന്നായിരുന്നു യു.എസ് വിശദീകരണം. യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായി മൈക്ക് പോംപിയോവിെൻറ നിയമനത്തിലെ അനിശ്ചിതത്വവും ഇൗ സംഭാഷണം മാറ്റിവെക്കാൻ കാരണമായി.
പോംപിയോയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും സെപ്റ്റംബർ ആറിലെ സംഭാഷണത്തിന് ഡൽഹിയിലെത്തുമെന്ന് യു.എസ് വിദേശകാര്യ വക്താവ് ഹെതർ നാവർട് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയെ പ്രതിനിധാനംചെയ്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിർമല സീതാരാമനും പെങ്കടുക്കും.
കഴിഞ്ഞ വർഷം വൈറ്റ് ഹൗസിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ‘2+2 സംഭാഷണം’ പ്രഖ്യാപിച്ചത്. സുരക്ഷയടക്കം വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തുടരുന്ന ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സംഭാഷണം വഴിയൊരുക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ ഡൽഹിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.