സൈനിക വ്യവസായം കൊഴുപ്പിക്കാൻ ഇന്ത്യ, യു.എസ്
text_fieldsന്യൂഡൽഹി: സൈനിക, സുരക്ഷ മേഖലയിൽ വ്യവസായ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യയും അമേരിക്കയുമായി ധാരണ. സൈന്യത്തിനുള്ള കവചിത വാഹനങ്ങൾ സംയുക്തമായി നിർമിക്കും. അമേരിക്കയിൽനിന്ന് 31 എം.ക്യു-9ബി ഡ്രോണുകൾ ഇന്ത്യ വാങ്ങും.
ഡൽഹിയിലെത്തിയ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവർ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എന്നിവരുമായി വെവ്വേറെ നടത്തിയ ചർച്ചകളിലാണ് കൂടുതൽ സഹകരണത്തിന് ധാരണ രൂപപ്പെടുത്തിയത്.
അമേരിക്കൻ പോർവിമാനങ്ങളുടെയും പടക്കപ്പലുകളുടെയും ആളില്ലാ വിമാനങ്ങളുടെയും റിപ്പയറിങ്-മെയിന്റനൻസ് സൗകര്യങ്ങൾക്ക് ഇടത്താവളമെന്ന നിലയിൽ ഇന്ത്യയിൽ വർധിച്ച നിക്ഷേപം ധാരണയുടെ ഭാഗമാണ്. സൈനിക സാമഗ്രികളുടെ സംയുക്ത നിർമാണത്തിന് സൗകര്യമൊരുക്കാനും പ്രതിരോധ ഹബ് ആയി ഇന്ത്യയെ മാറ്റാനുമുള്ള ശ്രമത്തിന്റെ ഭാഗമായി കയറ്റുമതി നിയന്ത്രണ വിഷയങ്ങൾ പരിഹരിക്കും.
സുരക്ഷാ സാമഗ്രികളുടെ വിതരണ കരാർ വൈകാതെ യാഥാർഥ്യമാക്കും. സുരക്ഷാ മേഖലയിൽ സ്വകാര്യ നിക്ഷേപകർക്ക് അവസരം നൽകും. യു.എസിലെ ജനറൽ ഇലക്ട്രിക്കൽസും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സും ചേർന്ന് ജി.ഇ എഫ്-414 ജെറ്റ് എൻജിനുകൾ ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള കരാർ പുരോഗതി കൂടിക്കാഴ്ചകളിൽ വിലയിരുത്തി.
സായുധ സേനകളുടെ സന്ദേശവിനിമയ സഹകരണം ശക്തിപ്പെടുത്തും. ബംഗളൂരു, അഹ്മദാബാദ് എന്നിവിടങ്ങളിൽ പുതിയ കോൺസുലേറ്റുകൾ തുടങ്ങാൻ നടപടി വേഗത്തിലാക്കും. ധാതുസമ്പത്ത്, ഉന്നത സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ പങ്കാളിത്തം വർധിപ്പിക്കും.
ചൈനയോട് ഉത്കണ്ഠാപൂർവം; പശ്ചിമേഷ്യൻ നിലപാടിൽ ഉറച്ച്
പശ്ചിമേഷ്യൻ സാഹചര്യങ്ങൾക്കിടയിൽ നടന്ന പ്രതിരോധ-വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ഇസ്രായേൽ, ഫലസ്തീൻ പ്രശ്നത്തോടുള്ള നിലപാടുകൾ ഇന്ത്യയും യു.എസും ആവർത്തിച്ചു. ഭീകരതക്കെതിരെ ഇസ്രായേലിനൊപ്പം. കാരുണ്യപരമായ പ്രവർത്തനങ്ങൾക്കുള്ള അന്താരാഷ്ട്ര നിയമം മാനിക്കപ്പെടണം.
ബന്ദികളെ ഉടനടി മോചിപ്പിക്കണം. ഗസ്സയിൽ സഹായമെത്തിക്കുന്നതിന് ശ്രമം തുടരും. ശാശ്വതമായ രാഷ്ട്രീയ പരിഹാരത്തിന് ശ്രമം വേണം -ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന നയം വ്യക്തമാക്കി.
ചൈന ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികൾ യോജിച്ച് നേരിടും. ക്വാഡ് സഖ്യത്തിലൂടെ ജപ്പാനും ആസ്ട്രേലിയയുമായി പങ്കാളിത്തം ശക്തിപ്പെടുത്തും. കാനഡയിൽ ഖാലിസ്താനികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നതിലെ ഉത്കണ്ഠ അമേരിക്കയെ അറിയിച്ചു.
ഏതു രാജ്യത്തെയും സുരക്ഷക്ക് ഭീഷണിയാവുന്നവിധം സ്വന്തം മണ്ണ് ആരും ഉപയോഗിക്കുന്നില്ലെന്ന് താലിബാൻ ഉറപ്പു വരുത്തണമെന്നും അഫ്ഗാനികളുടെ മനുഷ്യാവകാശങ്ങൾ താലിബാൻ മാനിക്കണമെന്നും സംയുക്തത പ്രസ്താവനയിൽ പറഞ്ഞു. ഭീകരതക്കെതിരായ സംയുക്ത കർമസമിതി യോഗം അടുത്ത വർഷാദ്യം നടത്താൻ ധാരണയായി. ആഭ്യന്തര സുരക്ഷ സംഭാഷണ പരിപാടിയും വേഗത്തിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.