ബ്രിക്സ് കറൻസി: നിലപാട് വ്യക്തമാക്കാതെ ഇന്ത്യ
text_fieldsന്യൂഡൽഹി: രാജ്യാന്തര പണമിടപാടുകൾക്ക് ഡോളറിന് ബദലായി ബ്രിക്സ് രാജ്യങ്ങൾ പുതിയ കറൻസി അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ നിലപാട് സ്വീകരിക്കാനാതെ ഇന്ത്യ.
ബ്രിക്സ് കറൻസി അവതരിപ്പിക്കുന്നതിൽ ഇന്ത്യയുടെ നിലപാട് ആരാഞ്ഞ് എം.കെ. രാഘവൻ എം.പി ലോക് സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ നിലപാട് വ്യക്തമാക്കാതെയാണ് ധനകാര്യ മന്ത്രാലയം മറുപടി നൽകിയത്. കഴിഞ്ഞദിവസം നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഡോളറിനെതിരെയുള്ള ബ്രിക്സ് രാജ്യങ്ങളുടെ നീക്കത്തിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ നയം വ്യക്തമാക്കാതെ ഇന്ത്യ നിലപാടെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.
2024 ബ്രിക്സ് ഉച്ചകോടിയിൽ ആതിഥേയ രാജ്യമായ റഷ്യ ബ്രിക്സ് കറൻസി എന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് മാത്രമാണ് എം.പിക്ക് ധനകാര്യ സഹമന്ത്രി മറുപടി നൽകിയത്.
എന്നാൽ, ഈ ആശയത്തോട് ഇന്ത്യ യോജിക്കുന്നെന്നോ വിയോജിക്കുന്നെന്നോ വ്യക്തമാക്കാൻ മന്ത്രാലയം തയാറായില്ല. കൂട്ടായ്മക്ക് കീഴിൽ രൂപവത്കരിച്ച ബ്രിക്സ് ന്യൂ ഡെവലപ്മെന്റ് ബാങ്കിലേക്ക് (എൻ.ഡി.ബി) ഇന്ത്യ 200 കോടി ഡോളറാണ് നൽകിയത്. 2015-16 സാമ്പത്തിക വർഷം മുതൽ 2021-22 വരെ ഏഴ് തവണകളായാണ് ഈ തുക കൈമാറിയത്. എൻ.ഡി.ബിയിൽനിന്ന് വായ്പയായി 4867 ദശലക്ഷം യു.എസ് ഡോളർ ലഭ്യമാക്കി 20 പദ്ധതികൾ രാജ്യത്ത് പുരോഗമിക്കുന്നുണ്ട്. ഗതാഗത വികസനം, ജലസംരക്ഷണം, ശുദ്ധജല വിതരണം എന്നീ മേഖലകളിലാണ് പദ്ധതികൾ നടപ്പിലാക്കുന്നതെന്നും ധനകാര്യ സഹമന്ത്രി ലോക് സഭയിൽ വ്യക്തമാക്കി.
പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ പിന്തുണക്കുകയോ ചെയ്താൽ ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾക്ക് നൂറുശതമാനം നികുതി ചുമത്തുമെന്നായിരുന്നു ഡോണൾഡ് ട്രംപിന്റെ ഭീഷണി.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഇത്യോപ്യ, ഇറാൻ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ബ്രിക്സില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞമാസം റഷ്യയിലെ കസാനില്‍ നടന്ന സമ്മേളനത്തില്‍ ഡോളർ ഇതര കറന്‍സിയിൽ വ്യാപാരം നടത്തുന്നത് ബ്രിക്സ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.ബ്രിക്സ് പേ എന്ന പേരില്‍ പേമെന്റ് സംവിധാനം വികസിപ്പിക്കണമെന്നായിരുന്നു റഷ്യൻ നിർദേശം.
എന്നാൽ, ഡോളറല്ലാതെ മറ്റൊരു കറന്‍സിയെയും പിന്തുണക്കരുതെന്നും അങ്ങനെ ചെയ്താല്‍ നൂറുശതമാനം നികുതി ഈടാക്കുമെന്നും പിന്നീട് അവര്‍ക്ക് യു.എസ് വിപണിയിൽ ചരക്കുകൾ വില്ക്കാന് സാധിക്കില്ലെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.