രാജ്യത്ത് നാല് വർഷത്തിനിടെ ആദ്യമായി സള്‍ഫര്‍ ഡൈയോക്‌സൈഡ് പുറന്തള്ളലില്‍ കുറവ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായി അന്തരീക്ഷ മലിനീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന സൾഫർ ഡൈയോക്സൈഡ് പുറന്തള്ളലിൽ കാര്യമായ കുറവുണ്ടായതായി പഠനം. 2019ൽ ആറ് ശതമാനം കുറവ് ഉണ്ടായെന്നാണ് അന്താരാഷ്ട്ര പഠനം വ്യക്തമാക്കുന്നത്.
കൽക്കരി ഉപയോഗിച്ചുള്ള ഊർജോൽപാദനം നിയന്ത്രിക്കാനായതാണ് ഇതിന് കാരണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവിൽ ലോകത്താകമാനം സമാനമായ തോതിൽ സൾഫർ ഡൈയോക്സൈഡിന്റെ പുറന്തള്ളലിൽ കുറവുണ്ടായിട്ടുണ്ട്. സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ, ഗ്രീൻപീസ് എന്നിവ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്.
അന്തരീക്ഷ വായുവിൽ സൾഫർ ഡൈയോക്സൈഡിന്റെ സാന്നിധ്യം ഹൃദയ, ശ്വാസകോശ രോഗങ്ങൾക്ക് വലിയ തോതിൽ കാരണമാകുന്നുണ്ട് എന്നത് കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ പല നഗരങ്ങൾക്കും ആശ്വാസം പകരുന്നതാണ് ഈ റിപ്പോർട്ട്. അതേസമയം, ഇന്ത്യയിൽ കൽക്കരി ഉപയോഗത്തിൽ കാര്യമായ കുറവുണ്ടാകണമെന്ന നിർദേശവും റിപ്പോർട്ട് മുന്നോട്ട് വെക്കുന്നു.
ആഗോള തലത്തിൽ സൾഫർ ഡൈയോക്സൈഡിന്റെ 21 ശതമാനവും പുറന്തള്ളുന്നത് ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ കൽക്കരി ഉപയോഗിച്ചുള്ള ഊർജ്ജ പ്ലാന്റുകളിലാണെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. സൾഫർ ഡൈയോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, മെർക്കുറി തുടങ്ങിയ വാതകങ്ങളുടെ പുറന്തള്ളൽ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങൾ ശരിയായി നടപ്പാക്കപ്പെടുന്നില്ലെന്ന വിമർശനവും പഠനം ഉന്നയിക്കുന്നു.
കൽക്കരി ഉപയോഗത്തിൽ കുറവുവരുത്താൻ കഴിഞ്ഞതുമൂലം ഇന്ത്യയിൽ വായുഗുണനിലവാരം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഗ്രീൻപീസ് ഇന്ത്യയുടെ അവിനാശ് ചഞ്ചൽ ചൂണ്ടിക്കാട്ടി. നമ്മുടെ ആരോഗ്യവും സമ്പദ് വ്യവസ്ഥയും സംരക്ഷിക്കുന്നതിന് കൽക്കരി ഉപയോഗത്തിൽനിന്ന് മാറി പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.