പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsന്യൂഡൽഹി: അഞ്ച് ദിവസം നീളുന്ന പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 11ന് പഴയ പാര്‍ലമെന്‍റിൽ എം.പിമാർ സമ്മേളിക്കും. സെന്‍ട്രല്‍ഹാളില്‍ നടക്കുന്ന പ്രത്യേക ചടങ്ങിനുശേഷം എം.പിമാര്‍ ഒന്നിച്ച് ഫോട്ടോയെടുക്കും. തുടര്‍ന്ന് ചൊവ്വാഴ്ച സമ്മേളനം പുതിയ പാർലമെന്‍റിലേക്ക് മാറുമെന്നും പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി വ്യക്തമാക്കി.
വനിത സംവരണ ബിൽ കൊണ്ടുവരണമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. അദാനി ഓഹരി തട്ടിപ്പ്, മണിപ്പൂര്‍ വിഷയം എന്നിവയും പ്രത്യേക പാർലമെന്‍റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്നും സർക്കാറിന്‍റെ അജണ്ട വെളിപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പുതിയ പാർലമെന്‍റിലേക്ക് സമ്മേളനം മാറുമെന്ന് യോഗത്തിൽ കേന്ദ്രം അറിയിച്ചു.
മത ന്യൂനപക്ഷങ്ങൾക്ക് നേരെ കൊള്ളയും കൊലയും അടിച്ചമർത്തലുകളും വർധിച്ചു വരുകയാണെന്നും ഇത്തരം ചോരയുടെയും കണ്ണുനീരിന്‍റെയും നിമിത്തം സർക്കാർ തന്നെയാണെന്നും മുസ്‍ലിം ലീഗ് പാർലമെന്‍റ് പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ യോഗത്തിൽ ചൂണ്ടിക്കാട്ടി. മത്സ്യതൊഴിലാളികള്‍ക്ക് കടലിന്റെ അവകാശം നല്‍കുന്ന ബില്‍ പാസാക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി ആവശ്യപ്പെട്ടു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, രാജ്യസഭ സഭാ നേതാവ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.