ഒാക്സിജൻ ക്ഷാമം പരിഹരിക്കാൻ ശ്രമം; വിതരണ ദൗത്യം ഏറ്റെടുത്ത് വ്യോമസേന
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിനൊപ്പം ഒാക്സിജൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി ഇന്ത്യൻ വ്യോമസേന. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഒാക്സിജൻ വിതരണ ദൗത്യമാണ് വ്യോമസേന ഏറ്റെടുത്തിരിക്കുന്നത്. വിവിധ ഫില്ലിങ് സ്റ്റേഷനുകൾക്ക് ആവശ്യമായ വലിയ ഒാക്സിജൻ ടാങ്കറുകൾ എത്തിക്കാനുള്ള നടപടികളാണ് വ്യോമസേന ആരംഭിച്ചത്.
വ്യോമസേനയുടെ സി-17, ഐ.എൽ-76 ചരക്ക് ഗതാഗത വിമാനങ്ങൾ ഉപയോഗിച്ചാണ് വൻതോതിൽ ഒാക്സിജൻ ടാങ്കറുകൾ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്. കൂടാതെ, ആരോഗ്യ പ്രവർത്തകർ, അടിയന്തര ഉപകരണങ്ങൾ, മരുന്നുകൾ അടക്കമുള്ളവ വിവിധ കോവിഡ് ആശുപത്രികളിൽ എത്തിക്കാനും സേനയുടെ സേവനം ലഭ്യമാണ്.
കോവിഡിന്‍റെ രണ്ടാം വ്യാപനത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ഒാക്സിജന്‍റെ വലിയ ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നു . ഈ സാഹചര്യത്തിൽ ജർമനിയിൽ നിന്ന് ഒാക്സിജൻ ഉൽപാദിപ്പിക്കുന്ന മൊബൈൽ പ്ലാന്‍റുകളും കണ്ടെയ്നറുകളും ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം 23 മൊബൈൽ ഒാക്സിജൻ ഉൽപാദന പ്ലാന്‍റുകളാണ് ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാർ അധികൃതർ അറിയിച്ചു.
2017ൽ യുണൈറ്റഡ് നാഗ കൗൺസിൽ ഏർപ്പെടുത്തിയ ദിവസങ്ങൾ നീണ്ട സാമ്പത്തിക ഉപരോധ കാലത്ത് മണിപ്പൂരിൽ വലിയ തോതിൽ പെട്രോൾ, ഡീസൽ ഉൽപന്നങ്ങളുടെ ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ വലിയ എണ്ണ ടാങ്കറുകൾ വ്യോമസേനയുടെ ചരക്ക് വിമാനത്തിൽ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ എത്തിച്ചിരുന്നു.
കോവിഡ് വ്യാപനത്തിനിടയിലും ഇന്ത്യ ഒാക്സിജൻ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. 2020 ഏപ്രിലിനും 2021 ജനുവരിക്കും ഇടയിൽ 9000 മെട്രിക് ടൺ ഒാക്സിജൻ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. 2020 സാമ്പത്തിക വർഷത്തിൽ 4500 മെട്രിക് ടൺ ഒാക്സിജൻ മാത്രമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.