ഒരു ദുസ്വപ്നം പോലെ! എയർ ഇന്ത്യയിലെ യാത്രാനുഭവം പങ്കുവെച്ച് ഇന്ത്യൻ-അമേരിക്കൻ സി.ഇ.ഒ
text_fieldsന്യൂഡൽഹി: ചിക്കാഗോയിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള നോൺ സ്റ്റോപ്പ് എയർ ഇന്ത്യ വിമാനത്തിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തപ്പോഴുള്ള മോശം അനുഭവം പങ്കുവെച്ച് ഇന്ത്യൻ-അമേരിക്കൻ സി.ഇ.ഒ. CaPatel Investments സ്ഥാപകനും സി.ഇ.ഒയുമായ അനിപ് പട്ടേലാണ് തനിക്ക് ലഭിച്ച കാബിനിലെ ശോച്യാവസ്ഥയും അസൗകര്യങ്ങളും വിഡിയോയാക്കി ടിക് ടോക്കിൽ പോസ്റ്റ് ചെയ്തത്.
5.27 ലക്ഷം രൂപ കൊടുത്താണ് ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തത്. താൻ ഇതുവരെ യാത്ര ചെയ്തതിൽ ഏറ്റവും മോശം ഫസ്റ്റ് ക്ലാസ് കാണാൻ വരൂ എന്ന് പറഞ്ഞാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്. എയർ ഇന്ത്യയെ ലോകത്തിലെ മുൻനിര സർവിസുകളിലൊന്നായി ഉയർത്തുമെന്ന അവകാശവാദങ്ങൾക്കിടെയാണ് ഒരു പ്രമുഖ സ്ഥാപനത്തിന്‍റെ സി.ഇ.ഒ ഇത്തരത്തിൽ ദുരവസ്ഥ വെളിപ്പെടുത്തുന്ന വിഡിയോയുമായി രംഗത്തുവന്നത്. എയർ ബസ് ഉൾപ്പെടെയുള്ള പുതിയ വിമാനങ്ങൾ വാങ്ങുമെന്നും നിലവിലെ വിമാനങ്ങൾ നവീകരിക്കുമെന്നും അടുത്തിടെ എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
കാബിനിൽ താൻ ഇരുന്ന സീറ്റിന്‍റെ ശോച്യാവസ്ഥയാണ് പട്ടേൽ വിഡിയോയിൽ ആദ്യം കാണിക്കുന്നത്. കമ്പനി വാഗ്ദാനം ചെയ്ത മെനുവിലെ 30 ശതമാനം വിഭവങ്ങൾ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. സമൂസ ശരാശരി മാത്രമായിരുന്നു. സൂപ്പ് മാത്രമാണ് രുചികരമായി തോന്നിയത്. 15 മണിക്കൂർ നീണ്ട യാത്രയിൽ വിനോദ സംവിധാനങ്ങളെല്ലാം പ്രവർത്തനരഹിതമായിരുന്നു. വൈ ഫൈയും ലഭ്യമായിരുന്നില്ലെന്ന് പട്ടേൽ വിഡിയോയിൽ പറയുന്നുണ്ട്.
എയർ ഇന്ത്യയുടെ സർവിസിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്ന അദ്ദേഹം, ദീർഘയാത്ര ഒരു ദുസ്വപ്നം പോലെ തോന്നുന്നു എന്നു പറഞ്ഞാണ് ടിക് ടോക് വിഡിയോ അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.