ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനികനെ അതിർത്തിരക്ഷാസേന തിരിച്ചയച്ചു
text_fieldsന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യൻ അതിർത്തിയിലേക്ക് വഴിതെറ്റിയെത്തിയ ചൈനീസ് സൈനികനെ അതിർത്തിരക്ഷാസേന തിരിച്ചയച്ചു. ബുധനാഴ്ച പുലർച്ചെ ചുഷുൽ മോൾഡോ മീറ്റിങ് പോയിന്‍റിൽ വെച്ചാണ് ചൈനീസ് പീപ്പിൾസ് ആർമിയിലെ കോർപറൽ വാങ് യാ ലോങ്ങിനെ നടപടികൾ പൂർത്തിയാക്കി ഇന്ത്യ കൈമാറിയത്.
തിങ്കളാഴ്ചയാണ് ചൈനീസ് സൈനികൻ കിഴക്കൻ ലഡാക്ക് ഡെംചോക് മേഖലയിലെ യഥാർഥ നിയന്ത്രണരേഖ മറികടന്നത്. ഒാക്സിജൻ, ഭക്ഷണം, തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രം അടക്കമുള്ള അവശ്യസാധനങ്ങൾ സൈനികന് നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു.
ഒക്ടോബർ 18ന് വൈകുന്നേരം പ്രദേശവാസികളുടെ അഭ്യർഥന പ്രകാരം കന്നുകാലികളെ വീണ്ടെടുക്കാൻ സഹായിക്കുന്നതിനിടെയാണ് സൈനികനെ കാണാതായതെന്നാണ് ചൈനീസ് സേന പറയുന്നത്. സൈനികനെ കാണാതായ വിവരം അതിർത്തിയിലെ ചൈനീസ് സൈനികർ ഇന്ത്യൻ സേനയെ അറിയിച്ചിരുന്നു. സൈനികനെ ഇന്ത്യ ഉടൻ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി വെസ്റ്റേൺ തിയറ്റർ കമാൻഡ് വക്താവ് സീനിയർ കേണൽ ഷാങ് ഷുയിലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജൂൺ 15ലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും അതിർത്തിയിൽ സൈനിക സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സംഘർഷം ലഘൂകരിക്കുന്നതിന് കമാൻഡർ തലത്തിൽ ചർച്ചകൾ ഇരുരാജ്യങ്ങളും നടത്തിയിരുന്നു. ഗൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.