അഗ്നിപഥ്: ആദ്യ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറങ്ങി
text_fieldsന്യൂഡൽഹി: പ്രതിഷേധങ്ങൾ കത്തിപ്പടരുന്നതിനിടയിലും വിവാദ അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. അഗ്നിപഥ് പദ്ധതി പ്രകാരമുള്ള റിക്രൂട്ട്മെന്റിനായി സൈന്യം വിജ്ഞാപനം പുറത്തിറക്കി. കര,വ്യോമ,നാവിക സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനായി രജിസ്ട്രേഷൻ ജൂലൈയിൽ തുടങ്ങുമെന്നാണ് വിജ്ഞാപനത്തിലുള്ളത്.
ജൂൺ 14നാണ് ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ് പ്രഖ്യപിച്ചത്. പദ്ധതി യുവാക്കളുടെ സ്ഥിര ജോലി എന്ന സ്വപ്നത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് പ്രതിഷേധുമായി രംഗത്തെത്തിയിരുന്നത്.
പദ്ധതിക്കെതിരെ ആദ്യം ബിഹാറിൽ നിന്നായിരുന്നു പ്രതിഷേധം ഉയർന്നത്. കോവിഡ് പശ്ത്തലത്തിൽ രണ്ടു വർഷം സൈനിക റിക്രൂട്ട്മെന്റുകൾ നടക്കാതിരുന്ന സാഹചര്യത്തിൽ പുതിയ റിക്രൂട്ട്മെന്റിനായി പരിശീലനം തുടരുകയായിരുന്നെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. 17.5 മുതൽ 21 വയസ് വരെയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ എന്നത് ഇങ്ങനെ കാത്തിരുന്നവർക്ക് തിരിച്ചടിയാണെന്നും ഉദ്യോഗാർഥികൾ പറഞ്ഞിരുന്നു. പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ആദ്യ ബാച്ചിന് കേന്ദ്ര സർക്കാർ വയസിളവ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ നാലു വർഷം കഴിഞ്ഞ് പുറത്തിറങ്ങുന്ന 75 ശതമാനം പേർ എന്തുചെയ്യുമെന്ന ചോദ്യവുമുയർത്തി വിദ്യാർഥികൾ വീണ്ടും പ്രതിഷേധം തുടർന്നു. പ്രതിഷേധങ്ങൾ എട്ടു സംസ്ഥാനങ്ങളിലലേക്ക് വ്യാപിച്ചു. പലയിടത്തും അക്രമാസക്തമായി.
തുടർന്ന് കേന്ദ്ര സായുധ സേനയിലും അസം റൈഫിൾസിലും 10 ശതമാനം സംവരണം ഏർപ്പെടുത്തിയെങ്കിലും അതുകൊണ്ടു ഉദ്യോഗാർഥികളെ തണുപ്പിക്കാനായില്ല. പദ്ധതി പിൻവലിക്കണെംന്ന ആവശ്യവുമായി അവർ ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം നൽകുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.