ഇന്ത്യൻ സേനയിലെ 'മുസ്ലിം റജിമെൻറ്' പാകിസ്താനെതിരെ യുദ്ധം ചെയ്യാൻ വിസമ്മതിച്ചോ?
text_fieldsന്യൂഡൽഹി: പാകിസ്താനുമായി നടന്ന 1965ലെ യുദ്ധത്തിൽ ഇന്ത്യൻ സേനയിലെ 'മുസ്ലിം റജിമെൻറ്' ആ രാജ്യവുമായി പോരാടാൻ വിസമ്മതിച്ചോ? വിസമ്മതിച്ചുവെന്ന് വിശദീകരിക്കുന്ന വ്യാജവാർത്ത സമൂഹ മാധ്യമങ്ങളിൽ പടർന്നു കയറുന്നു. ന്യൂനപക്ഷ വിരോധം കുത്തിവെക്കുന്ന കപട ദേശീയതയുടെ വ്യാജവാർത്തയിലെ ഏറ്റവും ശ്രദ്ധേയമായ വശം മറ്റൊന്നാണ്: ഇന്ത്യൻ സേനയിൽ ഒരിക്കലും മുസ്ലിം റജിമെൻറ് ഉണ്ടായിട്ടില്ല.
ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തി റജിമെൻറ് ഇന്ത്യൻ സേനക്കില്ല. എന്നാൽ, പാകിസ്താനോട് പോരാടാൻ വിസമ്മതിച്ചതിനെ തുടർന്ന് മുസ്ലിം റജിമെൻറ് നിർത്തലാക്കിയെന്നാണ് വ്യാജവാർത്തകളിലെ മറ്റൊരു ഉപകഥ. ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച് സൈന്യത്തിൽ ചേരിതിരിവുണ്ടാക്കാനും സേനയിലെ മുസ്ലിംകളുടെ മനോവികാരം വ്രണപ്പെടുത്താനുമുള്ള നീക്കങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സേനയിലെ മുൻസേനാ മേധാവികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയിരിക്കുകയാണ് ഇപ്പോൾ.
2013ൽ നുരഞ്ഞുപൊന്തിയ ഈ വാർത്ത ഇടക്കാലത്തിന് ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് മുൻ സേനാമേധാവികളുടെ ഇടപെടൽ. പാക്, ചൈന അതിർത്തികളിൽ സംഘർഷം വളർന്നു നിൽക്കുന്ന സമയത്തു തന്നെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിലെ ഗൂഢലക്ഷ്യം അവർ ചോദ്യംചെയ്യുന്നു.
നാവികസേന മുൻ മേധാവി അഡ്മിറൽ എൽ. രാംദാസ് അടക്കം ഉയർന്ന പദവികളിലിരുന്ന് വിരമിച്ച 120ഓളം പേരാണ് രാഷ്ട്രപതിക്ക് കത്തെഴുതിയത്. സേനയുടെ പല റജിമെൻറുകളിലും മുസ്ലിംകൾ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തോടുള്ള അങ്ങേയറ്റത്തെ പ്രതിബദ്ധത പ്രകടമാക്കിയിട്ടുമുണ്ട്. പരമവീര ചക്രം നേടിയ ഹവിൽദാർ അബ്ദുൽ ഹമീദ്, ലഫ്. ജനറൽ മുഹമ്മദ് സാകി, വീരചക്രം നേടിയ മേജർ അബ്ദുൽ റഫീഖാൻ എന്നിവർ 1965ലെ യുദ്ധത്തിൽ പങ്കെടുത്തവരാണ്. ഇത്തരം പ്രചാരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും, വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിന് സാമ്പത്തിക സഹായം കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഷ്ട്രപതിയോട് കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.