ദോക്ലാമിൽ സൈന്യത്തെ നിലയുറപ്പിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് ഭൂട്ടാനിനടുത്ത അതിർത്തിപ്രദേശമായ ദോക്ലാമിൽ ഇന്ത്യൻ സൈന്യം കൂടുതൽ പിടിമുറുക്കി. സിക്കിമിൽനിന്ന് 10,000 അടി ഉയരത്തിലുള്ള ദോക്ലാം മേഖലയിൽ കൂടാരങ്ങൾ കെട്ടി ഇന്ത്യൻ സൈന്യം തമ്പടിച്ചിരിക്കുകയാണ്. ദീർഘകാലം മേഖലയിൽ തുടരാനുള്ള സൈന്യത്തിെൻറ തയാറെടുപ്പിെൻറ ഭാഗമായാണ് കൂടാരങ്ങൾ നിർമിച്ചത്. കൂടാതെ സൈന്യത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്ന നടപടിയും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.
പ്രശ്നപരിഹാരം ഉണ്ടാകാതെ സൈനിക സന്നാഹങ്ങൾ ഒഴിവാക്കില്ലെന്ന ശക്തമായ സന്ദേശം ചൈനക്ക് നൽകുക കൂടിയാണ് ഇന്ത്യയുടെ ഉദ്ദേശ്യം. ചൈനയുടെ ഭീഷണികൾക്ക് മുന്നിൽ ഒരിക്കലും തലകുനിക്കില്ലെന്നും അതേസമയം, നയതന്ത്ര തലത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമം തുടരുകയാണെന്നും ഉന്നത സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ, ചൈന, ഭൂട്ടാൻ എന്നീ രാഷ്ട്രങ്ങളുടെ സംഗമമേഖലയായ ദോക്ലാമിൽ ‘കടന്നുകയറ്റം’ നടത്തിയ ഇന്ത്യൻ സൈന്യത്തെ ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം 1962ലെ യുദ്ധത്തിലുണ്ടായതിനേക്കാൾ കടുത്ത നാശനഷ്ടമാകും നേരിടേണ്ടിവരുകയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജനറൽ ഷുവാങ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
സിക്കിം അതിർത്തിയിൽ ചൈന നടത്തിയ റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധം വഷളായത്. കൂടാതെ മാനസസരോവറിലേക്കുള്ള ഇന്ത്യൻ തീർഥാടകരെ ചൈന തടഞ്ഞതും ഇന്ത്യൻ ബങ്കറുകൾ തകർത്തതും പ്രശ്നം കൂടുതൽ വഷളാക്കി. റോഡ് നിർമാണം ഇന്ത്യ തടഞ്ഞതോടെ മേഖലയിൽ ഇരുസൈന്യവും നിലയുറപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.