ഹൊവിറ്റ്സർ, വജ്ര; കരുത്തു കൂട്ടി കരസേന
text_fieldsദേവ്ലാലി (മഹാരാഷ്ട്ര): 30 വർഷത്തിനുശേഷം ഇന്ത്യൻ കരസേനക്ക് പുതിയ പീരങ്കിയും യന്ത്രത്തോക്കും. 1980കളിൽ ബോഫോഴ്സ് പീരങ്കി ഇന്ത്യൻ സേനയുടെ ഭാഗമാക്കിയശേഷം ഇപ്പോഴാണ് പുതിയ യന്ത്രത്തോക്കുകൾ സൈന്യത്തിലെത്തുന്നതെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
അമേരിക്കൻ നിർമിത എം777 എ ടു ഹൊവിറ്റ്സർ പീരങ്കി, സ്വയം വെടിയുതിർക്കുന്ന ദക്ഷിണ കൊറിയൻ നിർമിത കെ-9 വജ്ര തോക്കുകൾ, യുദ്ധഭൂമിയിൽ യന്ത്രത്തോക്കുകളും പീരങ്കികളും വഹിക്കുന്ന വാഹനം എന്നിവയാണ് വെള്ളിയാഴ്ച നാസിക് ദേവ്ലാലിയിലെ യുദ്ധോപകരണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സൈന്യത്തിൽ ഉൾപ്പെടുത്തിയത്.
അടുത്ത ഏതാനും വർഷങ്ങൾക്കകം ഇത്തരം കൂടുതൽ പുതിയ വെടിക്കോപ്പുകൾ സേനയുടെ ഭാഗമാകുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. അമേരിക്കയിൽനിന്ന് ഗവൺമെൻറ് തല പ്രതിരോധ കരാറിലൂടെയാണ് അതീവ ഭാരം കുറഞ്ഞ ഹൊവിറ്റ്സർ പീരങ്കികൾ ഇന്ത്യ സ്വന്തമാക്കിയത്.
മഹീന്ദ്ര ഡിഫൻസ്-ബി.എ.ഇ സിസ്റ്റംസ് എന്നിവ ചേർന്നാണ് ഇന്ത്യയിൽ ഇത് സംയോജിപ്പിച്ചത്. ഭാരക്കുറവും ഉപയോഗ വൈവിധ്യവും മൂലം വിവിധ മേഖലകളിൽ ഒരുപോലെ ഉപയോഗിക്കാനും ഹെലികോപ്ടറിൽ ഘടിപ്പിക്കാനും കഴിയുമെന്നതാണ് ഹൊവിറ്റ്സർ പീരങ്കികളുടെ സവിശേഷത.
കാനഡ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളും ഇൗ പീരങ്കികൾ ഉപയോഗിക്കുന്നുണ്ട്. കെ9 വജ്ര തോക്കുകൾ ഇന്ത്യയിൽ എൽ.ആൻഡ് ടിയിലാണ് സംയോജിപ്പിച്ചത്. ഇനി കിട്ടാനുള്ള 90 തോക്കുകളിൽ ഭൂരിഭാഗവും പ്രധാന ഭാഗങ്ങളൊഴികെ ഇന്ത്യയിൽ നിർമിക്കുമെന്ന് മന്ത്രി പറഞ്ഞു. അശോക് ലെയ്ലാൻഡ് കമ്പനിയിലാണ് ട്രക്കുകൾ നിർമിച്ചത്. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭംറി, കരസേന മേധാവി ബിപിൻ റാവത്ത്, മുൻ കരസേന മേധാവി ജനറൽ ദീപക് കപൂർ എന്നിവരും ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.