സാഹസിക ദൗത്യം; പാക് പിടിയിലായ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് കോസ്റ്റ്ഗാർഡ്
text_fieldsന്യൂഡല്‍ഹി: പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി കസ്റ്റഡിയിലെടുത്ത ഏഴ് മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന നാടകീയമായ ചേസിങ്ങിനൊടുവിലാണ് പാക് കപ്പലിനെ പിടികൂടി മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഇന്ത്യ-പാകിസ്താന്‍ സമുദ്ര അതിര്‍ത്തിയില്‍ നോ ഫിഷിങ് സോണില്‍വെച്ച് ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിന്റെ സന്ദേശം കോസ്റ്റ് ഗാര്‍ഡിന് ലഭിക്കുകയായിരുന്നു. മറ്റൊരു കപ്പലിനെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു എന്നും അതിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തുവന്നുമായിരുന്നു സന്ദേശം.
ഉടന്‍തന്നെ ഇടപെട്ട കോസ്റ്റ്ഗാര്‍ഡ് പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയുടെ പി.എം.എസ് നുസ്രത്ത് എന്ന കപ്പലിനെ പിന്തുടരാനായി അഗ്രിം എന്ന കപ്പല്‍ അയക്കുകയായിരുന്നു. ചേസിങ്ങിനൊടുവില്‍ ഏഴ് മത്സ്യത്തൊഴിലാളികളെയും മോചിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡ് ആണ് ഇക്കാര്യം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.
ഞായറാഴ്ചതന്നെ ഏഴുപേരെയും കൊണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഗുജറാത്തിലെ ഓഖ തീരത്ത് മടങ്ങിയെത്തി. മത്സ്യത്തൊഴിലാളികള്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. വിഷയത്തില്‍ ഗുജറാത്ത് പൊലീസും കോസ്റ്റ്ഗാര്‍ഡും ഫിഷറീസ് വകുപ്പും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പാക് ഏജൻസിയുടെ നടപടിക്കിടെ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് തകരാർ സംഭവിച്ച് കടലിൽ മുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.