ഇന്ത്യൻ ദമ്പതികൾ യു.എസിൽ കൊല്ലപ്പെട്ട നിലയിൽ; ബാൽക്കണിയിൽ കരച്ചിലോടെ നാലുവയസുകാരി മകൾ
text_fieldsമുംബൈ: യു.എസിലെ ന്യൂജഴ്സിയിൽ ഇന്ത്യക്കാരായ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബാലാജി ഭരത് രുദ്രവാർ (32), ഭാര്യ ആരതി (30) എന്നിവരെയാണ് അർലിങ്ടൺ ബറോയിലെ വീട്ടിൽ ബുധനാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.
നോർത്ത് ആർലിങ്ടണിലെ അപാർട്മെന്റിന്റെ ബാൽക്കണിയിൽ ഇവരുടെ നാല് വയസുകാരിയായ മകൾ കരയുന്നതു കണ്ട് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ആരതി ഏഴു മാസം ഗർഭിണിയായിരുന്നു. ബാലാജിയാണ് ഭാര്യയെ കുത്തിയതെന്നും വീട്ടിൽ പിടിവലി നടന്നതിന്റെ സൂചനകൾ ഉണ്ടെന്നും ചില യു.എസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തുകയാണെന്നും അതിന്റെ റിപ്പോർട്ടുകൾ വന്നാൽ മാത്രമെ മരണകാരണം വ്യക്തമാകൂവെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മരണവിവരം തങ്ങൾ വ്യാഴാഴ്ചയാണ് അറിഞ്ഞതെന്ന് ബാലാജിയുടെ പിതാവ് ഭരത് രുദ്രവാർ വാർത്താ ഏജൻസിയോട് പറഞ്ഞു. 'ഞങ്ങൾ അവർക്കൊപ്പം യു.എസിൽ ഉണ്ടായിരുന്നു. വീണ്ടും അവിടേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഈ ദുരന്തവാർത്ത. വളരെ സന്തോഷത്തോടെയാണ് എന്റെ മകനും കുടുംബവും ജീവിച്ചിരുന്നത്. സ്നേഹമുള്ള അയൽക്കാർക്ക് നടുവിലായിരുന്നു അവർ. എന്താണ് സംഭവിച്ചതെന്ന് അറിയില്ല'- ഭരത് രുദ്രവാർ പറഞ്ഞു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാനാകും. നാലുവയസുകാരിയായ മകൾ ഇപ്പോൾ ബാലാജിയുടെ സുഹൃത്തിനൊപ്പമാണെന്നും ഭരത് പറഞ്ഞു.
സോഫ്റ്റ്വെയർ എൻജിനീയറായ ബാലാജിയും ആരതിയും 2014 ലാണ് വിവാഹിതരാകുന്നത്. 2015 ൽ ബാലാജിക്ക് ഇന്ത്യൻ സോഫ്റ്റ്വെയർ കമ്പനിയിൽ ലഭിക്കുന്നതിനെ തുടർന്ന് ഇരുവരും യു.എസിലേക്ക് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.