മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ നരി കോൺട്രാക്ടർക്ക് വാക്സിൻ നിഷേധിച്ചെന്ന് പരാതി
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും മുൻ ക്യാപ്റ്റനുമായ നരി കോൺട്രാക്റ്റർക്കും ഭാര്യക്കും കോവിഡ് വാക്സിൻ നിഷേധിച്ചതായി പരാതി. മുംബൈയിലെ കാമ ആശുപത്രി അധികൃതരിൽ നിന്നാണ് 88കാരനായ നരിമാനും 89കാരിയായ ഭാര്യ ഡോളിക്കും സെക്കൻഡ് ഡോസ് വാക്സിൻ നിഷേധിച്ചത്. നരി കോൺട്രാക്റ്ററുടെ മകൻ ഹോഷേദാറാണ് ആശുപത്രി അധികൃതരുടെ സമീപനത്തെ സമൂഹ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്.
മാർച്ച് 5നാണ് നരിമാനും ഭാര്യയും ആദ്യ ഡോസ് വാക്സിൻ എടുത്തത്. 56 ദിവസത്തെ നിശ്ചിത കാലയളവിനുള്ളിൽ രണ്ടാമത്തെ ഡോസ് എടുക്കാനാണ് ഇരുവരും ആശുപത്രിയിലെത്തിയത്.എന്നാൽ, വാക്സിൻ ഇല്ലെന്ന് പറഞ്ഞ് മടക്കിയയക്കുകയായിരുന്നു.
രണ്ടാം ഡോസിന് സ്ലോട്ടുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ഷെഡ്യൂൾ ചെയ്ത സമയത്തിന് 15 മിനിറ്റ് മുമ്പാണ് റദ്ദാക്കിയ സന്ദേശം ലഭിച്ചത്. ഇത്തരത്തിൽ രണ്ടു തവണ റദ്ദാക്കിയിട്ടുണ്ട്. മൂന്നാം തവണ റദ്ദാക്കിയെങ്കിലും സന്ദേശം ലഭിച്ചില്ല. ആശുപത്രിയിൽ എത്തിയപ്പോൾ വാക്സിൻ ലഭ്യമല്ലെന്ന് പറഞ്ഞ് അധികൃതർ തിരിച്ചയച്ചെന്നും ഹോഷേദാർ പറഞ്ഞു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് പ്രായമായ മാതാപിതാക്കളെ വാക്സിൻ എടുക്കാൻ ആശുപത്രിയിലെത്തിക്കുന്നത്. വാക്സിൻ ലഭ്യമല്ലെങ്കിൽ എന്തിനാണ് സ്ലോട്ടുകൾ നൽകുന്നത്. വാക്സിനുകളുടെ കുറവ് നമുക്ക് മനസിലാക്കാൻ സാധിക്കും. നമ്മുടെ പൊതുജനാരോഗ്യ സംവിധാനം വലിയ പരാജയമാണ്. തനിക്കുള്ള നിരാശയാണ് പങ്കുവെക്കുന്നതെന്നും ഇത് അപമാനകരമാണെന്നും ഹോഷേദാർ വ്യക്തമാക്കി.
ക്രീസിൽ പകരക്കാരനായി ഇറങ്ങി ഇന്ത്യൻ ക്രിക്കറ്റിന്‍റെ നായകനായി തീർന്ന കളിക്കാരനാണ് നരി കോൺട്രാക്ടർ എന്നറിയപ്പെടുന്ന നരിമാൻ ജംഷഡ്ജി കോൺട്രാക്ടർ. ആദ്യ ഫസ്റ്റ് ക്ലാസ് മൽസരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ നരി മികച്ച പ്രകടനം കാഴ്ചവെച്ചു.ആർതർ മോറിസിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് അദ്ദേഹം.
1961-62 സീസണിൽ ബാർബഡോസിനെതിരായ മൽസരത്തിനിടെ വെസ്റ്റ്ഇൻഡീസ് താരം ചാർലി ഗ്രിഫിത്തിന്‍റെ പന്ത് തലക്കേറ്റ് ആറു ദിവസം അബോധാവസ്ഥയിലായതോടെ നരിയുടെ ക്രിക്കറ്റ് കരിയറിന് അവസാനമായി. പിന്നീട് മുംബൈയിൽ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ അക്കാദമിയിൽ പരിശീലകനായി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.