വലിയ നോട്ടുകളുടെ സുരക്ഷാ അടയാളങ്ങൾ ഇടക്കിടെ മാറ്റാൻ തീരുമാനം
text_fieldsന്യൂഡൽഹി: കള്ളനോട്ടുകൾ തടയാൻ, ഉന്നതമൂല്യമുള്ള നോട്ടുകളുടെ സുരക്ഷാ അടയാളങ്ങൾ മൂന്നുനാല് വർഷം കൂടുേമ്പാൾ മാറ്റാൻ സർക്കാർ തീരുമാനം. 2000, 500 തുടങ്ങിയ നോട്ടുകളുടെ സുരക്ഷ അടയാളങ്ങളാണ് ഇടക്കിടെ മാറ്റുന്നത്. നോട്ട് അസാധുവാക്കലിന് ശേഷമുള്ള നാല് മാസങ്ങൾക്കിടയിൽ വൻതോതിൽ കള്ളനോട്ടുകൾ കണ്ടെത്തിയതിനെതുടർന്നാണ് നടപടി.
ആഭ്യന്തരസെക്രട്ടറി രാജീവ് മെഹറിഷിയുൾപ്പെടെ ധനമന്ത്രാലയത്തിലെയും ആഭ്യന്തരമന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ പെങ്കടുത്ത ഉന്നതതലയോഗത്തിലാണ് വിഷയം ചർച്ചയായത്. ഭൂരിഭാഗം വികസിതരാജ്യങ്ങളും കറൻസി നോട്ടിലെ സുരക്ഷാ ക്രമീകരണങ്ങൾ മൂന്നുനാല് വർഷം കൂടുേമ്പാൾ മാറ്റുമെന്നും ഇന്ത്യയും അതേ തീരുമാനം പിന്തുടരണമെന്നും ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
ഉന്നതമൂല്യമുള്ള നോട്ടുകളുടെ ഡിസൈൻ മാറ്റൽ രാജ്യത്ത് നേരത്തേ പരിഗണനയിലുണ്ടായിരുന്നു. 2000ൽ പുറത്തിറക്കിയ കാലം തൊട്ട് അസാധുവാക്കുന്നതുവരെ പഴയ 1000 രൂപ നോട്ടുകളിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിരുന്നില്ല. 1987ൽ പുറത്തിറക്കിയ 500 രൂപ നോട്ടിൽ മാറ്റം വരുത്തിയിട്ടും ഒരു ദശാബ്ദക്കാലമായി.
പുതുതായി പുറത്തിറക്കിയ നോട്ടുകൾക്ക് കൂടുതലായി സുരക്ഷാ സജ്ജീകരണമൊന്നുമില്ലെന്നും പഴയ 1000, 500 നോട്ടുകളിലെ അതേ സുരക്ഷാ മാനദണ്ഡമാണുള്ളതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെ കണ്ടെത്തിയ കള്ളനോട്ടുകളിൽ പുതിയ 2000 രൂപ നോട്ടുകളിലെ 17 സുരക്ഷാ മാർക്കുകളിൽ 11എണ്ണവും ഉള്ളതായി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.