പാർലമെന്റിൽ നടക്കുന്നത് ജനാധിപത്യം നിലനിൽക്കുന്നുണ്ടോ എന്ന പരിശോധന -രാഹുൽ
text_fieldsന്യൂഡൽഹി: പാർലമെന്റിൽ ഇപ്പോൾ നടക്കുന്നത് രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടോ എന്നതിന്റെ പരിശോധനയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ബി.ജെ.പി നേതാക്കളായ നാല് മന്ത്രിമാർ പാർലമെന്റിന്റെ ഇരുസഭകളിലും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് താൻ കരുതിയെന്നും എന്നാൽ, അവർ സംസാരിക്കാൻ അനുവദിക്കുമെന്ന് തോന്നുന്നില്ലെന്നും രാഹുൽ ഗാന്ധി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വ്യാഴാഴ്ച താൻ സഭയിലേക്ക് കടന്ന് ഒരു മിനിറ്റിനകം സഭ പിരിഞ്ഞതായി അറിയിച്ചു. മന്ത്രിമാർ ഉന്നയിച്ച ആരോപണങ്ങളിൽ തനിക്ക് പറയാനുള്ളത് സഭയിൽ പറയാമെന്ന് കരുതിയാണ് വന്നത്. ഇന്ത്യയിൽ ജനാധിപത്യം ഇപ്പോഴുമുണ്ടെങ്കിൽ എന്റെ ഭാഗം പറയാൻ എനിക്ക് അവസരം ലഭിക്കുമായിരുന്നു. നാല് മന്ത്രിമാർ ആരോപണം ഉന്നയിച്ച അതേ സഭാതലം അവർക്ക് മറുപടി നൽകാൻ അവസരം തരുമോ എന്നതാണ് ചോദ്യം? സ്പീക്കറെ കണ്ട് സഭയിൽ സംസാരിക്കാൻ അവസരം ചോദിച്ചു. അതെന്റെ അവകാശമാണ്. എന്നാൽ, സമ്മതം നൽകാതെ ചിരിക്കുകയാണ് സ്പീക്കർ ഓം ബിർള ചെയ്തത്.
കഴിഞ്ഞ മാസം താൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽനിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമുള്ളതാണ് തന്റെ ലണ്ടൻ പരാമർശത്തെക്കുറിച്ചുള്ള വിവാദം. ഗൗതം അദാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ബന്ധത്തെക്കുറിച്ച മൗലികമായ ചോദ്യമാണ് താൻ ചോദിച്ചത്. അദാനി മോദിക്കൊപ്പം ആസ്ട്രേലിയയിൽ പോയ ശേഷം സ്റ്റേറ്റ് ബാങ്ക് കോടികൾ കൊടുത്തതാണ് താൻ ചോദിച്ചത്. സർക്കാറും പ്രധാനമന്ത്രിയും അദാനി വിഷയത്തെ ഭയക്കുന്നു. അതുകൊണ്ടാണ് വിവാദം സൃഷ്ടിച്ചത്. പാർലമെന്റിൽ തന്നെ സംസാരിക്കാൻ അനുവദിച്ചാൽ മനസ്സിലുള്ളത് പറയുമെന്ന് വ്യാഴാഴ്ച സഭാ സ്തംഭനത്തെ തുടർന്ന് മടങ്ങുന്നതിനിടെ രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.