ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളിൽ ആറു മടങ്ങ് വളർച്ച; 13 വർഷത്തെ ഏറ്റവും വലിയ സംഖ്യ
text_fieldsന്യൂഡൽഹി: ഇന്ത്യക്കാരുടെയും ഇന്ത്യൻ സ്ഥാപനങ്ങളുടെയും പേരിലുള്ള സ്വിസ് ബാങ്ക് നിക്ഷേപങ്ങളിൽ വൻ വർധന. സ്വിസ് ബാങ്കുകൾ, ഇവയുടെ ഇന്ത്യൻ ശാഖകൾ, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയിലായി ഇന്ത്യക്കാരുടെ പേരിലുള്ള വിവിധ നിക്ഷേപങ്ങൾ 2020ൽ 20,700 കോടി (2.55 ബില്യൺ സ്വിസ് ഫ്രാങ്ക്)രൂപയായാണ് ഉയർന്നത്. സ്വിറ്റ്സർലൻഡ് കേന്ദ്ര ബാങ്കിെൻറ വാർഷിക ഡാറ്റയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2019ൽ 6,625 കോടി ആയിരുന്നതാണ്, 2020 ആയപ്പോൾ 13 വർഷത്തെ ഏറ്റവും വലിയ സംഖ്യയിലേക്ക് എത്തിയത്.
2006ൽ 6.5 ബില്യൺ സ്വിസ് ഫ്രാങ്ക് എന്ന റെക്കോഡിൽ എത്തിയിരുന്നുവെങ്കിലും 2011, 2013, 2017 വർഷങ്ങൾ ഒഴികെ പിന്നീടിങ്ങോട്ട് താഴേക്കായിരുന്നു. സ്വിസ് ബാങ്കുകൾ എല്ലാംകൂടി ഇന്ത്യൻ നിക്ഷേപകരോട് ബാധ്യതപ്പെട്ടിരിക്കുന്ന യഥാർഥ മൂല്യം 20,706 കോടിയാണ്. ഇതിൽ 4000 കോടി നേരിട്ടുള്ള നിക്ഷേപമാണ്. 3100 കോടി മറ്റു ബാങ്കുകൾ വഴിയും 16.5 കോടി ട്രസ്റ്റുകൾ വഴിയും ആണ്. എന്നാൽ ബോണ്ട്, ഓഹരി തുടങ്ങിയവ വഴിയുള്ള നിക്ഷേപമാണ് ഏറ്റവും കൂടുതൽ. ഇത് 13,500 കോടി രൂപയുണ്ട്.
നിക്ഷേപകെൻറ അക്കൗണ്ട് വഴി നേരിട്ടുള്ള നിക്ഷേപത്തിെൻറ കാര്യത്തിൽ കുറവാണ് ഉണ്ടായിരിക്കുന്നതെങ്കിലും മറ്റു വഴിയുള്ള നിക്ഷേപങ്ങളിൽ ആറുമടങ്ങ് വർധന ഉണ്ടായി.
അതേസമയം, സ്വിറ്റ്സർലാൻഡ് കേന്ദ്ര ബാങ്കിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഔദ്യോഗിക കണക്കുകൾ പ്രകാരമുള്ള തുകകളാണ് ഇവ. കാലങ്ങളായി പറഞ്ഞുകേൾക്കാറുള്ള 'സ്വിസ് ബാങ്കുകളിലെ കള്ളപ്പണം' ഇതിൽ പെടില്ല. മൂന്നാമതൊരു രാജ്യത്തുനിന്ന് ഇന്ത്യക്കാർ നിക്ഷേപിച്ചവയും ഇതിൽ വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.