താലിബാന്‍റെ വരവിൽ സന്തോഷിക്കുന്നത് പാകിസ്താൻ; ഇന്ത്യ ജാഗ്രത പുലർത്തണം -വേണു രാജാമണി
text_fieldsന്യൂഡൽഹി: അഫ്ഗാനിലെ ഭരണമാറ്റം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് നയതന്ത്ര വിദഗ്ധൻ വേണു രാജാമണി. ഇന്ത്യ കൂടാതെ അഫ്ഗാനിസ്താന്‍റെ അയൽരാജ്യങ്ങൾക്കും ലോകത്തിനും തന്നെ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇന്ത്യ ഉൾപ്പെടുന്ന മേഖലയിൽ ഭീകരപ്രവർത്തനം വർധിക്കാൻ താലിബാന്‍റെ വരവ് കാരണമാകും. ഈ ഭീഷണിയെ നേരിടാൻ ഇന്ത്യ പ്രതിരോധം ശക്തിപ്പെടുത്തുകയും ഭീകരപ്രവർത്തനത്തിന് എതിരായ ജാഗ്രത വർധിപ്പിക്കുകയും വേണം. നയതന്ത്ര മാർഗങ്ങളിലൂടെ പാകിസ്താനും താലിബാനും കടിഞ്ഞാണിടാൻ ഇന്ത്യ മുൻകൈ എടുക്കണമെന്നും വേണു രാജാമണി പറഞ്ഞു.
അഫ്ഗാൻ ഭരണമാറ്റത്തിൽ സന്തോഷിക്കുന്ന രാജ്യം പാകിസ്താനാണ്. താലിബാന് പാകിസ്താന്‍റെ പിന്തുണയുണ്ട്. പാക് പിന്തുണയില്ലാതെ താലിബാന് പിടിച്ചുനിൽക്കാൻ സാധിക്കില്ല. താലിബാൻ അഫ്ഗാൻ പിടിച്ചത് പാകിസ്താന് നേട്ടമാണ്. ഇതിലൂടെ പാക് ഭരണകൂടത്തിന് അഫ്ഗാനിലുള്ള സ്വാധീനം വർധിക്കും. ഭാവിയിൽ അഫ്ഗാനെയും താലിബാനെയും പിടിച്ചു നിർത്താൻ പാശ്ചാത്യ രാജ്യങ്ങളും റഷ്യയും ചൈനയും ശ്രമിക്കുക പാകിസ്താനിലൂടെ ആയിരിക്കുമെന്നും വേണു രാജാമണി ചൂണ്ടിക്കാട്ടി.
ലോകത്തിലെ എല്ലാ ഭീകരവാദികൾക്കുമുള്ള അഭയ കേന്ദ്രമായിരുന്നു അഫ്ഗാൻ. 20 വർഷമായി അമേരിക്കയുടെ നേതൃത്വത്തിൽ അഫ്ഗാനിൽ സമാധാനവും ജനാധിപത്യവും സ്ത്രീസമത്വവും കൊണ്ടു വരാനാണ് ശ്രമിച്ചത്. താലിബാന്‍റെ മടങ്ങിവരവ് ലോകത്താകമാനം പ്രതിഫലിക്കും. പരാജയപ്പെട്ട ഒരു രാജ്യത്തെ രക്ഷിക്കാൻ എങ്ങനെ സാധിക്കുമെന്ന ചോദ്യചിഹ്നമാണ് രാജ്യാന്തര സമൂഹത്തിന് മുമ്പിലുള്ളതെന്നും വേണു രാജാമണി പറഞ്ഞു.
മറ്റ് രാജ്യങ്ങളെല്ലാം മടിച്ചു നിൽക്കുമ്പോൾ താലിബാനുമായി അടുക്കാൻ സാമ്പത്തിക രംഗത്ത് മുന്നിട്ടു നിൽക്കുന്ന രാജ്യമായ ചൈനക്ക് പുതിയ അവസരം കൈവന്നിരിക്കുകയാണ്. അഫ്ഗാന്‍റെ സാമ്പത്തിക വളർച്ചയെ സഹായിക്കുക വഴി പുതിയ താലിബാൻ സർക്കാറിനെ ആശ്രയരാജ്യമായി മാറ്റാൻ ചൈനക്ക് സാധിക്കും. പാക് സഹായത്തോടെ താലിബാനുമായി നല്ല ബന്ധം ഉണ്ടാക്കാൻ ചൈന ശ്രമിക്കുമെന്നും വേണു രാജാമണി മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.