സാമ്പത്തിക രംഗത്ത് കുതിപ്പ്; ജി.ഡി.പി വളർച്ച 8.4 ശതമാനം
text_fieldsന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) കുതിച്ചുയർന്നു. ഒക്ടോബർ-ഡിസംബർ കാലയളവിൽ 8.4 ശതമാനമാണ് ജി.ഡി.പി വളർച്ചയെന്ന് ദേശീയ സ്ഥിതിവിവര ഓഫിസ് (എൻ.എസ്.ഒ) അറിയിച്ചു. ധനകാര്യ വിദഗ്ധരുടെ അനുമാനത്തേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ചയാണ് രാജ്യം കൈവരിച്ചത്. 2022 മൂന്നാം പാദത്തിൽ ജി.ഡി.പി വളർച്ച 4.3 ശതമാനമായിരുന്നു. ഉൽപാദന, നിർമാണ മേഖലകളിലെ മികച്ച പ്രകടനമാണ് വളർച്ചയുടെ കാരണമെന്നാണ് വിലയിരുത്തൽ.
ഉൽപാദന മേഖലയിലാണ് വൻ വളർച്ചയുണ്ടായത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 4.8 ശതമാനം ശോഷണം സംഭവിച്ച സ്ഥാനത്ത് ഇത്തവണ 11.6 ശതമാനം വളർച്ച ഈ മേഖലയിലുണ്ടായി. ഖനന വളർച്ച 1.4 ശതമാനത്തിൽനിന്ന് 7.5 ശതമാനമായി ഉയർന്നു. നിർമാണ മേഖല മുൻവർഷത്തെ 9.5 ശതമാനം വളർച്ച നിലനിർത്തി. വൈദ്യുതി, ഗ്യാസ്, ജലവിതരണം എന്നിവയുടെയും മറ്റ് സേവനങ്ങളുടെയും വളർച്ച 8.7 ശതമാനത്തിൽനിന്ന് ഒമ്പത് ശതമാനമായി വർധിച്ചു.
അതേസമയം, കാർഷിക മേഖലയിൽ 0.8 ശതമാനം വളർച്ചക്കുറവാണ് രേഖപ്പെടുത്തിയത്. ധനകാര്യ, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ സേവന മേഖലയുടെ വളർച്ച മുൻ വർഷത്തെ 7.7 ശതമാനത്തിൽനിന്ന് ഏഴു ശതമാനമായി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.