സാമ്പത്തിക നില പരിതാപകരം; തകർച്ച 5 വര്‍ഷം വരെ നീളും -മൻമോഹൻ സിങ്
text_fieldsന്യൂഡൽഹി: രാജ്യത്തിന്‍റെ സാമ്പത്തിക നില അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ആറോ ഏഴോ മാസമല്ല, അഞ്ചു വര്‍ഷം വരെ നീളുന്ന സാമ്പത്തിക തകര്‍ച്ചയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 6.6 ശതമാനമായി കുറയുമെന്ന് ഐ.എം.എഫും മറ്റ് ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മൻമോഹൻ ചൂണ്ടിക്കാട്ടി. മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരവുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ ധന സ്ഥിതി റിപ്പോര്‍ട്ട് വാർത്താസമ്മേളനത്തിൽ കോൺഗ്രസ് പുറത്ത് വിട്ടു.
രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ മറച്ചു പിടിച്ച് കേന്ദ്രസര്‍ക്കാര്‍ നാളെ സാമ്പത്തിക സര്‍വ്വെ പുറത്തുവിടുമെന്ന് ഭയപ്പെടുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് പി. ചിദംബരം പറഞ്ഞു. സാമ്പത്തിക മാന്ദ്യം സംഭവിച്ച കാലത്തും ശരാശരി വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായി നിലനിര്‍ത്താന്‍ യു.പി.എ സര്‍ക്കാരിനു കഴിഞ്ഞു. എന്നാല്‍ മൊത്തവളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തി. ജനങ്ങളുടെ ക്രയശേഷി പതിറ്റാണ്ടുകളുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന അഞ്ചു ശതമാനമാണ് ഇപ്പോള്‍. ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പറഞ്ഞ ബി.ജെ.പി സര്‍ക്കാരിന് കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷം യുവാക്കള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കാനായത്. പെരുപ്പിച്ച് കാണിക്കുന്ന കണക്കുകള്‍ സഹായിക്കുമെന്നാണ് എൻ.ഡി.എ സര്‍ക്കാര്‍ കരുതുന്നതെന്നും എന്നാല്‍ അതുകൊണ്ട് ജനങ്ങളുടെ കണ്ണഞ്ചിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജോലിയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും എവിടെയെന്ന് ചോദിക്കുക. പല ദശാബ്ദങ്ങളിലേക്കാളും കുറവാണെന്ന ഉത്തരമായിരിക്കും ലഭിക്കുക. 2008 ല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 8.5 ശതമാനമായിരുന്നു. ലോക സാമ്പത്തിക രംഗം തളര്‍ച്ച നേരിട്ടപ്പോള്‍ പോലും 7 ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നിലനിര്‍ത്താന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞിരുന്നുവെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
അതേസമയം വിജയ് മല്യയ്ക്കായി അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. 2011ല്‍ കടത്തില്‍ മുങ്ങിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെ മന്‍മോഹന്‍സിങ് സഹായിച്ചു എന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
എല്ലാ സര്‍ക്കാരിലെയും പ്രധാനമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും വ്യവസായ രംഗത്തു നിന്നുള്ളവരുടെ നിവേദനം ലഭിക്കാറുണ്ടെന്നും അവ അതാത് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ഇതുതന്നെയാണ് ഞാനും ചെയ്തത്. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. താന്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.