കോവിഡ്: വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ മാസം ലാഭിക്കുന്നത് എത്ര രൂപ? സർവേ ഫലം പുറത്ത്
text_fieldsകോവിഡ് കാരണം വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ മാസം ലാഭിക്കുന്നത് 5520 രൂപയെന്ന് സർവേ. ഇന്ത്യയിലെ ഏഴ് മെട്രോ നഗരങ്ങളിലെ 1000ത്തോളം തൊഴിലാളികളിൽ ജൂൺ-ജൂലൈ മാസങ്ങളിൽ നടത്തിയ സർവേയിലാണ് കോവിഡ് മഹാമാരിയെ തുടർന്നുള്ള 'വർക് ഫ്രം ഹോമിലുള്ള' ശരാശരി ഇന്ത്യൻ തൊഴിലാളി പ്രതിമാസം 5,520 രൂപയോളം ലാഭിക്കുന്നതായി കണ്ടെത്തിയത്. സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസർമാർ, സംരംഭക കമ്മ്യൂണിറ്റികൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇടങ്ങൾ നൽകുന്ന ഇന്ത്യൻ കമ്പനിയായ ഒൗഫിസ് (Awfis) ആണ് സർവേ നടത്തിയത്.
യാത്രാ സമയമായി 1.47 മണിക്കൂറാണ് ഇത്തരത്തിൽ ലാഭിക്കുന്ന്. ഇത് ഒരുവർഷം കണക്കുകൂട്ടിയാൽ 44 ദിവസത്തോളം വരും. ഉൽപാദനക്ഷമതയിൽ വിട്ടുവീഴ്ച ചെയ്യാതെ വീട്ടിൽനിന്ന് ജോലി ചെയ്യാൻ കഴിയുമെന്ന് ആളുകൾ മനസ്സിലാക്കിയതായും സർവേയിൽ പറയുന്നു.
അഞ്ചുവർഷത്തിനകം കൂടുതൽ ആളുകൾ വീട്ടിൽ നിന്നോ, അല്ലെങ്കിൽ വീട്ടിനടുത്ത് നിന്നോ ജോലി ചെയ്യാനാണ് താൽപര്യപ്പെടുകയെന്നും, കോവിഡ് അത് വേഗത്തിലാക്കിയെന്നും ഒൗഫിസ് സി.ഇ.ഒ അമിത് രമണി ചൂണ്ടിക്കാട്ടുന്നുണ്ട്.
സർവേയിൽ പെങ്കടുത്ത 1000 തൊഴിലാളികളിൽ 74 ശതമാനവും വീട്ടിൽനിന്ന് ജോലി ചെയ്യാനാണ് താൽപ്പര്യം പ്രകടിപ്പിച്ചത്. നേരത്തെ ലെനോവോ നടത്തിയ സർവേയിൽ വർക് ഫ്രം ഹോമിലുള്ള 20 ശതമാനം പേർ 5000 രൂപ മുതൽ 10000 രൂപവരെ പ്രതിമാസം ലാഭിക്കുന്നതായി കണ്ടെത്തിയിരുന്നു. 19 ശതമാനം പേർ 10,000 രൂപ ലാഭിക്കുന്നതായും കണ്ടെത്തി.
വീട്ടിലിരുന്നുള്ള ജോലിയിൽ ഏറ്റവും പ്രതിസന്ധി സമയം ക്രമീകരിക്കുക എന്നുള്ളതാണ്. 75 ശതമാനം തൊഴിലാളികളും തങ്ങൾക്ക് മികച്ച രീതിയിൽ സമയം നിയന്ത്രിക്കാൻ കഴിഞ്ഞതായി പറഞ്ഞു. എന്നാൽ, സഹപ്രവർത്തകരുമായി ഇടപഴകിയുള്ള ജോലി ഒരു നഷ്ടമായി കരുതുന്നുവെന്ന് 27 ശതമാനം ആളുകൾ പറഞ്ഞു. വീട്ടിൽനിന്ന് ജോലിയെടുക്കാൻ തൊഴിലാളികൾക്ക് ആവശ്യമുള്ള സൗകര്യം ഒരുക്കാൻ കഴിഞ്ഞില്ലെന്ന് പല കമ്പനികളും സങ്കടം പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.