വേഗത്തിൽ മരം കയറുന്ന 'ട്രീ സ്കൂട്ടർ' കണ്ടുപിടിച്ച് കർഷകൻ
text_fieldsമംഗളൂരു: വേഗത്തിൽ മരം കയറാൻ പുതിയ യന്ത്രം കണ്ടുപിടിച്ച് മംഗളൂരുവിൽ ഗണപതി ഭട്ട് എന്ന കർഷകൻ. എത്ര ഉയരമുള്ള മരങ്ങളും അതിവേഗം കയറാൻ സാധിക്കുന്നതിനാൽ ട്രീ സ്കൂട്ടർ എന്നാണ് ഭട്ട് യന്ത്രത്തിന് പേരിട്ടിരിക്കുന്നത്.
കർണാടകയിലെ തീരദേശ പട്ടണമായ മംഗലാപുരത്ത് 50 വർഷം പഴക്കമുള്ള കവുങ്ങിൻ തോട്ടങ്ങളിൽ 60 മുതൽ 70 അടി വരെ ഉയരമുള്ള മരങ്ങളിലാണ് ഭട്ട് വിള പരിശോധിച്ചിരുന്നത്. എന്നാൽ തനിക്ക് പ്രായമായി വന്നതോടെ ജോലി എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരാശയം മനസിലേക്ക് കടന്നുവന്നതെന്ന് ഭട്ട് വ്യക്തമാക്കി.
മിക്ക ദിവസവും താൻ രാവിലെ ജോലിക്ക് പോകുന്നത് ഒരു ചെറിയ മോട്ടോറും ഒരു സീറ്റും ഒരു കൂട്ടം ചക്രങ്ങളും അടങ്ങിയ യന്ത്രം ചുമന്ന് കൊണ്ടാണെന്നും അതുകണ്ട് ആളുകൾ തന്നെ പരിഹസിച്ചിട്ടുണ്ടെന്നും ഭട്ട് പറഞ്ഞു.
''എനിക്ക് ഭ്രാന്തുണ്ടോ എന്ന് ഗ്രാമവാസികൾ ചോദിച്ചിരുന്നു. എന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് അവർക്ക് സംശയമുണ്ടായി. മഴക്കാലത്ത് മരങ്ങൾ വഴുവഴുപ്പുള്ളതാവുന്നത് കൊണ്ട് ട്രീ സ്കൂട്ടർ പ്രവർത്തിക്കുമോ എന്ന ആശങ്കളുണ്ടായിരുന്നു പലർക്കും.''
2014 ലാണ് ഭട്ട് ട്രീ സ്കൂട്ടറിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഏകദേശം 40 ലക്ഷം രൂപ നിർമാണ ചെലവ് വന്നിട്ടുണ്ടെന്നും ഒരു സ്കൂട്ടറിന് 62,000 രൂപ എന്ന നിരക്കിൽ 300 യന്ത്രങ്ങൾ ഇതിനകം വിറ്റഴിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്കൂട്ടറിന്‍റെ എൻജിനിയറിങ് വർക്കുകൾക്ക് തനിക്കൊരു സഹായി ഉണ്ടെന്നും ഭട്ട് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.