ഇന്ത്യൻ പതാകയെ അപമാനിച്ചെന്ന്; ഖേദപ്രകടനവുമായി മാലദ്വീപ് മുൻ മന്ത്രി
text_fieldsമാലദ്വീപ്: ലക്ഷദ്വീപ് സന്ദർശനത്തിെന്റ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനമുന്നയിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട മാലദ്വീപ് മന്ത്രി മറിയം ഷിയുന വീണ്ടും വിവാദത്തിൽ. മാലദ്വീപ് പ്രതിപക്ഷ പാർട്ടിയായ എം.ഡി.പിയുടെ പ്രചാരണ പോസ്റ്ററിൽ ഇന്ത്യൻ ദേശീയ പതാകയുടെ ഭാഗം ചേർത്ത് സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തതാണ് പുതിയ വിവാദത്തിനിടയാക്കിയത്. പോസ്റ്റിനെതിരെ വ്യാപക വിമർശനമുയർന്നതോടെ ഖേദപ്രകടനവുമായി മുൻ യുവജനകാര്യ മന്ത്രി രംഗത്തെത്തി. അശോകചക്രം ഉൾപ്പെട്ട പോസ്റ്റ് അവർ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
പ്രതിപക്ഷ പാർട്ടിയെ വിമർശിക്കുന്ന പോസ്റ്റിൽ ഇന്ത്യൻ ദേശീയ പതാകയുടെ ഭാഗം ഉൾപ്പെടാനിടയായത് മനഃപൂർവമല്ലെന്ന് അവർ വിശദീകരിച്ചു. പോസ്റ്റ് തെറ്റിദ്ധാരണക്കിടയാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയുമായുള്ള ബന്ധത്തെയും പരസ്പര ബഹുമാനത്തെയും മാലദ്വീപ് മാനിക്കുന്നു. ഭാവിയിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ കുടുതൽ ജാഗ്രത പുലർത്തുമെന്നും അവർ പറഞ്ഞു. ഇന്ത്യയെ അപഹസിക്കാനുള്ള ഒരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നും പോസ്റ്റിൽ ഇന്ത്യൻ പതാകയുടെ ഡിസൈൻ ഉൾപ്പെട്ടത് അബദ്ധവശാലാണെന്നും അവർ പറഞ്ഞു. മാലദ്വീപിൽ ഏപ്രിൽ 21ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുൻ മന്ത്രി വിവാദ പോസ്റ്റിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.