അക്ബർ ചക്രവർത്തി ബലാത്സംഗ വീരൻ; വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരങ്ങളല്ല ഇന്ത്യക്കാരൻ -വിവാദ പരാമർശങ്ങളുമായി രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി
text_fieldsന്യൂഡൽഹി: ചരിത്രപരമായ മണ്ടത്തരം വിളമ്പി പുലിവാലു പിടിച്ച് ബി.ജെ.പി നേതാവും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയുമായ മദൻ ദിലാവർ. മുഗൾ ചക്രവർത്തി അക്ബർ ബലാത്സംഗവീരനാണെന്നായിരുന്നു മദൻ ദിലാവർ വീമ്പടിച്ചത്. അതുപോലെ വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരൻമാർ അല്ലെന്നും രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി അവകാശപ്പെട്ടു. ജനുവരിയിലാണ് മദൻ ദിലാവർ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്.
ചില രാഷ്ട്രീയ സർക്കിളുകളിൽ രാജസ്ഥാനിലെ നരോത്തം മിശ്ര എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത് പോലും. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു നരോത്തം മിശ്ര.
തുടക്കകാലത്ത് ബി.ജെ.പിയുടെ തീപ്പൊരി നേതാവായിരുന്നു ദിലാവർ എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ രാജൻ മഹാൻ പറയുന്നത്. വസുന്ധര രാജെയുടെയും ഭൈറോൺസിങ് ശെഖാവത്തിന്റെയും കാലത്ത് വലിയ നേതാവൊന്നുമായിരുന്നില്ല ദിലാവർ. രാഷ്ട്രീയത്തിന്റെ തുടക്കകാലക്ക് ഹിന്ദുത്വ ആശയങ്ങളിലായിരുന്നില്ല ശ്രദ്ധ പതിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പ്രധാന ഊന്നൽ അതിലാണ്. കാലക്രമേണ പാർട്ടിക്കുള്ളിൽ സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നതിൽ ദിലാവർ വിജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആർ.എസ്.എസിന്റെ ശക്തികേന്ദ്രമായ ഹാദോതി മേഖലയിൽ ബി.ജെ.പിയുടെ ശക്തിതെളിയിക്കാനുള്ള തകൃതിയായ ഒരുക്കത്തിലാണിദ്ദേഹമെന്നും മഹാൻ മാധ്യമങ്ങളോട് പറഞ്ഞു.
ബജ്റംങ് ദളിലായിരുന്ന ദിലാവറിന് പ്രവീൺ തൊഗാഡിയയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ആറു തവണ എം.എൽ.എയായ ദിലാവർ ആർ.എസ്.എസ് പ്രത്യയ ശാസ്ത്രം ഉയർത്തിക്കാട്ടാനും ഒരു ഹിന്ദുത്വ നേതാവെന്ന പദവി ഉറപ്പിക്കാനുമുള്ള ശ്രമത്തിലാണ്.
കരിക്കുലം പുനരവലോകന യോഗത്തിനിടെയാണ് 16ാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ അക്ബറിനെതിരെ ദിലാവർ വാളോങ്ങിയത്. ബലാത്സംഗവീരനായ അക്ബറിന്റെ പേര് ഇന്ത്യക്ക് കളങ്കമാണെന്നും ദിലാവർ ആരോപിച്ചു. വിദ്യാർഥികളായിരുന്നപ്പോൾ അക്ബർ മഹാനാണ് എന്നാണ് നമ്മൾ പഠിച്ചത്. ഞാനും അങ്ങനെ തന്നെയായിരുന്നു. എന്നാൽ അക്ബർ സുന്ദരികളായ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുവന്ന് ക്രൂരമായി ബലാത്സംഗം ചെയ്തതായും ഞാൻ കേട്ടിട്ടുണ്ട്. ബലാത്സംഗം ചെയ്ത ഒരാൾ എങ്ങനെ വീരനാകും.-എന്നാണ് ദിലാവർ പറഞ്ഞത്. ഇത്തരത്തിലുള്ള ദേശീയ നേതാക്കളെ കുറിച്ചുള്ള പാഠങ്ങൾ പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടു.
അതുപോലെ ഓർവിൽ റൈറ്റ്, വിൽബർ റൈറ്റ് സഹോദരങ്ങളല്ല, ശിവ്കർ ബാപൂജി തൽപദേവ് എന്ന ഇന്ത്യക്കാരനാണ് ആദ്യമായി വിമാനത്തിൽ യാത്രചെയ്തതെന്നും അദ്ദേഹം വാദിച്ചു. കൊളോണിയൽ ഭരണകാലത്തായതിനാൽ മുംബൈയിൽ നടന്ന ഈ സംഭവം ചരിത്ര താളുകളിൽ രേഖപ്പെടുത്തിയില്ല. അതിനാൽ പുറംലോകം ഇതറിയാതെ പോയി.
''വിമാനം നിർമിച്ചതിനെ കുറിച്ച് പറയുമ്പോൾ റൈറ്റ് സഹോദരങ്ങളുടെ പേരാണ് എപ്പോഴും ഉയർന്നു കേൾക്കാറുള്ളത്. എന്നാൽ റൈറ്റ് സഹോദരങ്ങളേക്കാൾ മുന്നേ ഒരു ഇന്ത്യക്കാരനാണ് വിമാനം നിർമിച്ചത്.-ദിലാവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.