യെച്ചൂരിയുടെ പോരാട്ടം അനുസ്മരിച്ച് ഇൻഡ്യ നേതാക്കൾ
text_fieldsന്യൂഡൽഹി: ഇൻഡ്യ എന്ന ആശയം നിലനിർത്താൻ മതേതര പാർട്ടികൾക്കിടയിൽ പാലമായി മാറിയ സീതാറാം യെച്ചൂരിയെന്ന ജനകീയ നേതാവിന്റെ വിടവാങ്ങൽ രാജ്യത്തിന് തീരാനഷ്ടമാണ് സമ്മാനിച്ചതെന്ന് ഇൻഡ്യ മുന്നണി നേതാക്കൾ.
ഇൻഡ്യ മുന്നണിയെന്ന സംവിധാനം പിടിച്ചുനിർത്തുന്നതിൽ മുഖ്യപങ്കാണ് യെച്ചൂരി വഹിച്ചതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിവിധ വീക്ഷണങ്ങൾ കേൾക്കാനും സംഘടനകളെയും ആളുകളെയും ഒരുമിച്ച് നിർത്താനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ സി.പി.എം സംഘടിപ്പിച്ച യെച്ചൂരി അനുസ്മരണ യോഗത്തിൽ രാഹുൽ കൂട്ടിച്ചേർത്തു. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനും ചർച്ചകളിൽ നിരന്തരം ഏർപ്പെടാനും സീതാറാം യെച്ചൂരിക്കുണ്ടായ കഴിവ് ഇൻഡ്യ മുന്നണിക്ക് വലിയ നേട്ടമായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സ്മരിച്ചു. സി.പി.എമ്മിന്റേത് മാത്രമല്ല, എല്ലാ പാർട്ടിക്കാരുടെയും നേതാവായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലാവരും ഏറ്റെടുക്കണമെന്നും ഖാർഗെ ആഹ്വാനം ചെയ്തു.
പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയെ നയിച്ച വ്യക്തിയാണ് യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്മരിച്ചു. അദ്ദേഹത്തിന്റെ വേർപാട് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുതന്നെ തീരാനഷ്ടമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കാനും സാഹോദര്യം പ്രോത്സാഹിപ്പിക്കാനും യെച്ചൂരി എന്നും പോരാട്ടം നടത്തിയിരുന്നുവെന്ന് നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല പറഞ്ഞു. തനിക്ക് തെറ്റാണെന്ന് കരുതുന്ന എന്തിനോടും വിദ്യാർഥി കാലം മുതൽ കലഹിച്ചിരുന്ന, നിർഭയനായ നേതാവായിരുന്നു യെച്ചൂരിയെന്ന് ഡി.എം.കെ എം.പി കനിമൊഴി പറഞ്ഞു.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, എം.പിമാരായ സുപ്രിയ സുലെ, രാംഗോപാൽ യാദവ്, സഞ്ജയ് ഝാ, ഡൽഹി മന്ത്രി ഗോപാൽ റായ്, ടീസ്റ്റ സെറ്റൽവാദ്, പ്രഭാത് പട്നായിക് തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ളവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.