ഏറ്റവും സംതൃപ്തരായ മുസ്‌ലിംകൾ ഇന്ത്യയിൽ -മോഹൻ ഭാഗവത്
text_fieldsന്യൂഡൽഹി: ലോകത്ത് ഏറ്റവും സംതൃപ്തരായ മുസ്‌ലിംകൾ ഇന്ത്യയിലാണെന്ന് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻഭാഗവത്. ഹിന്ദുക്കൾക്ക് മാത്രമേ ഇന്ത്യയിൽ കഴിയാനാകൂ എന്നോ ഹിന്ദുക്കളെ മാത്രമേ കേൾക്കൂ എന്നോ ഇന്ത്യൻഭരണഘടനയിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര ആസ്ഥാനമായ 'വിവേക്' എന്ന ഹിന്ദി മാസികക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഒരു വിദേശ മതം ജനങ്ങളെ ഭരിക്കുകയും അത് ഇപ്പോഴും അവിടെ നിലനിൽക്കുകയും ചെയ്യുന്നതിന് ലോകത്ത് മറ്റ് ഉദാഹരണങ്ങളില്ല. അത് ഇന്ത്യയിൽ മാത്രമേ ഉള്ളൂ. ഇന്ത്യയിൽ നിന്ന് വ്യത്യസതമാണ് പാകിസ്താൻ. അത് മുസ്ലിംകൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ രാജ്യമാണ്. മറ്റ് മതങ്ങളിൽപെട്ടവർക്ക് പാകിസ്താൻ അവകാശങ്ങളൊന്നും നൽകുന്നില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
''ഹിന്ദുക്കൾക്ക് മാത്രമേ ഇവിടെ കഴിയാൻ സാധിക്കൂ എന്നോ ഇനി മുതൽ ഹിന്ദുവിനെ മാത്രമേ കേൾക്കൂ എന്നോ നിങ്ങൾക്ക് ഇവിടെ കഴിയണമെങ്കിൽ നിങ്ങൾ ഹിന്ദുവിെൻറ അധീശത്വം അംഗീകരിക്കേണ്ടതുണ്ട് എന്നോ ഇന്ത്യൻ ഭരണ ഘടന പറയുന്നില്ല. നമ്മൾ അവർക്ക് ഇവിടെ ഒരിടം ഒരുക്കിയിട്ടുണ്ട്. ഇതാണ് നമ്മുടെ രാജ്യത്തിെൻറ പ്രകൃതം. ആ അന്തർലീന പ്രകൃതത്തെയാണ് ഹിന്ദു എന്ന് വിളിക്കുന്നത്.'' -മോഹൻഭാഗവത് പറഞ്ഞു.
സ്വന്തം താൽപര്യത്തെ ബാധിക്കുന്നർ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള വർഗീയതയും വിഘടനവാദവും പ്രചരിപ്പിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ രാജ്യത്തിെൻറ സംസ്കാരത്തിന് നേരെ ആക്രമണം നടന്നപ്പോഴെല്ലാം എല്ലാ മതവിശ്വാസികളും ഒരുമിച്ച് നിന്നിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേവാർ രാജാവായ മഹാറാണ പ്രതാപിെൻറ സൈന്യത്തിൽ മുഗൾ ചക്രവർത്തിയായ അക്ബറിനെതിരെ നിരവധി മുസ്‌ലിംകൾ യുദ്ധം ചെയ്തിട്ടുണ്ടെന്ന് മോഹൻ ഭഗവത് ചൂണ്ടിക്കാട്ടി.
അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ചും മോഹൻ ഭാഗവത് പരമർശിച്ചു. രാമക്ഷേത്രം കേവലം ആചാരപരമായ ഉദ്ദേശ്യത്തിനായിട്ടല്ലെന്നും അത് രാജ്യത്തിെൻറ ദേശീയ മൂല്യത്തിേൻറയും സ്വഭാവത്തിെൻറയും അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.