നാവികസേനയുടെ കരുത്ത് കൂട്ടാൻ ഐ.എൻ.എസ് വിശാഖപട്ടണവും അന്തർവാഹിനി 'വേല'യും
text_fieldsമുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധകപ്പൽ ഐ.എൻ.എസ് വിശാഖപട്ടണവും അന്തർവാഹിനി 'വേല'യും ഉടൻ കമീഷൻ ചെയ്യും. നവംബർ 21ന് ഐ.എൻ.എസ് വിശാഖപട്ടണവും നവംബർ 25ന് അന്തർവാഹിനി വേലയും കമീഷൻ ചെയ്യുക.
മുംബൈ നേവൽ ഡോക് യാർഡിൽ ഐ.എൻ.എസ് വിശാഖപട്ടണം കമീഷൻ ചെയ്യുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അന്തർവാഹിനി കമീഷൻ ചെയ്യുന്ന ചടങ്ങിൽ നാവികസേന മേധാവി അഡ്മിറൽ കരംബീർ സിങ്ങും മുഖ്യാതിഥികളാകും.
യുദ്ധകപ്പലിലും അന്തർവാഹിനിയിലും അവസാനവട്ട പരിശോധനകൾ പുരോഗമിക്കുകയാണ്. ഐ.എൻ.എസ് വിശാഖപട്ടണത്തിനും അന്തർവാഹിനി വേലക്കും യുദ്ധരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് നാവികസേന അറിയിച്ചു.
ഡയറക്ടറേറ്റ് ഒാഫ് നേവൽ ഡിസൈൻ രൂപകൽപന ചെയ്ത ഐ.എൻ.എസ് വിശാഖപട്ടണം മുംബൈ മാസഗോൺ ഡോക് കപ്പൽ നിർമാണശാലയാണ് നിർമിച്ചത്. വിശാഖപട്ടണം, മൊർമുഗോ, ഇംഫാൽ, സുറത്ത് എന്നീ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുടെ പേരുകളാണ് നാലു യുദ്ധക്കപ്പലുകൾക്ക് നൽകിയിട്ടുള്ളത്.
ഹ്രസ്വ ദൂര ഭൂതല-വായു മിസൈൽ, ഭൂതല-ഭൂതല മിസൈൽ, ടോർപിഡോ ട്യൂബ്സ്- ലോഞ്ചേഴ്സ്, തോക്ക് അടക്കം നൂതന ആയുധങ്ങൾ കപ്പലിൽ ഘടിപ്പിച്ചിട്ടുണ്ട്. രാജ്യം തദ്ദേശീയമായി നിർമിച്ച നാലാമത്തെ കാൽവരി ക്ലാസ് അന്തർവാഹിനിയാണ് 'വേല'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.