ഇന്ത്യൻ സമുദ്രമേഖലയിൽ ചൈനീസ് കടന്നുകയറ്റം; കപ്പലിനെ നാവികസേന തുരത്തി
text_fieldsന്യൂഡൽഹി: ലഡാക്കിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിലും അതിക്രമിച്ച് കയറാൻ ചൈനീസ് നീക്കം. ഇന്ത്യൻ സമുദ്രാർത്തി ഭേദിച്ച ചൈനീസ് ഗവേഷണ കപ്പലിനെ നാവികസേന തുരത്തി.
യുവാൻ വാങ് ഗവേഷണ കപ്പലാണ് മലാക്ക കടലിടുക്ക് വഴി ഇന്ത്യൻ സമുദ്ര മേഖലയിൽ കഴിഞ്ഞ മാസം പ്രവേശിച്ചത്. കടന്നുകയറ്റം കണ്ടെത്തിയ നാവികസേന മേഖലയിൽ കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചു. നാവികസേന നിരീക്ഷണം ശക്തമാക്കിയതോടെ ചൈനീസ് കപ്പൽ പിൻവാങ്ങിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ സമുദ്രമേഖലയിൽ കടന്നുകയറാൻ ചൈനീസ് കപ്പലുകൾ നിരവധി തവണ ശ്രമം നടത്തിയിട്ടുണ്ട്. 2019 ഡിസംബറിൽ ചൈനീസ് ഗവേഷണ കപ്പലായ ഷി യാൻ-ഒന്ന് ആന്തമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട്ബ്ലെയറിൽ ഗവേഷണം നടത്തിയിരുന്നു. നാവികസേനയുടെ നിരീക്ഷണ വിമാനമാണ് ചൈനീസ് കപ്പലിന്‍റെ കടന്നുകയറ്റം കണ്ടെത്തിയത്.
ഇന്ത്യൻ സമുദ്ര മേഖലയിലും തെക്ക് കിഴക്ക് ഏഷ്യൻ മേഖലയിലും നടക്കുന്ന നീക്കങ്ങൾ കണ്ടെത്താനുള്ള ചാരപ്രവർത്തനങ്ങൾക്ക് ചൈനീസ് ഭരണകൂടം കപ്പലുകളെ ഉപയോഗിക്കാറുണ്ട്.
ഇന്ത്യൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ ഗവേഷണം, പര്യവേക്ഷണം അടക്കമുള്ള കാര്യങ്ങൾ നടത്താൻ വിദേശ രാജ്യങ്ങൾക്ക് നിരോധനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.