സ്റ്റാർബക്‌സിന്‍റെ പുതിയ സി.ഇ.ഒയായി ഇന്ത്യൻ വംശജൻ ലക്ഷ്മൺ നരസിംഹനെ നിയമിച്ചു
text_fieldsന്യൂഡൽഹി: അമേരിക്കൻ കാപ്പി കമ്പനി ഭീമനായ സ്റ്റാർബക്‌സിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹനെ നിയമിച്ചു. നിലവിലെ സി.ഇ.ഒ ഹോവാർഡ് ഷുൾട്‌സിന് പകരക്കാരനായാണ് ലക്ഷ്മൺ എത്തുന്നത്. ഡ്യൂറെക്സ് കോണ്ടം, എൻഫാമിൽ ബേബി ഫോർമുല, മ്യൂസിനെക്സ് കോൾഡ് സിറപ്പ് എന്നിവ നിർമ്മിക്കുന്ന റെക്കിറ്റിന്റെ സി.ഇ.ഒ ലക്ഷ്മൺ നരസിംഹനായിരുന്നു.
മുമ്പ് പെപ്‌സികോയിൽ ഗ്ലോബൽ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായും ഇൗ 55-കാരൻ പ്രവർത്തിച്ചു. ഒക്‌ടോബർ ഒന്നിന് ലക്ഷ്മൺ നരസിംഹൻ കമ്പനിയിൽ ചേരുമെങ്കിലും 2023 ഏപ്രിലിലേ ചുമതലയേൽക്കുകയുള്ളുവെന്ന് സ്റ്റാർബക്‌സ് അറിയിച്ചു. അതുവരെ താൽക്കാലിക സി.ഇ.ഒ ആയി ഹോവാർഡ് ഷുൾട്‌സ് കമ്പനിയെ നയിക്കും. ഏപ്രിൽ ഒന്ന് വരെ അദ്ദേഹം ഹോവാർഡ് ഷുൾട്‌സുമായി ചേർന്ന് പ്രവർത്തിക്കും.
ചൈനയിലെ കൊവിഡ് നിയന്ത്രണങ്ങൾ കമ്പനിയുടെ വ്യാപാരത്തിനെ മന്ദഗതിയിലാക്കിയിരുന്നു. എന്നാൽ, ഏപ്രിൽ, ജൂൺ മാസങ്ങളിൽ യു.എസിലെ ശക്തമായ വിൽപ്പന കാരണം സ്റ്റാർബക്‌സിന് വലിയ ഡിമാൻഡ് റിപ്പോർട്ട് ചെയ്തു. ''ശക്തമായ ഉപഭോക്തൃ ബ്രാൻഡുകൾ നിർമ്മിക്കുന്നതിൽ ആഴത്തിലുള്ള അനുഭവപരിചയമുള്ള തന്ത്രജ്ഞനാണ് അദ്ദേഹം''- നരസിംഹനെ സ്വാഗതം ചെയ്തുകൊണ്ട് ജീവനക്കാർക്ക് അയച്ച കത്തിൽ ഹോവാർഡ് ഷുൾട്സ് പറഞ്ഞു.
ലക്ഷ്മണൻ നരസിംഹൻ ആര്?
പൂനെ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ലക്ഷ്മൺ നരസിംഹൻ പെൻസിൽവാനിയ സർവകലാശാലയിലെ ലോഡർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജർമ്മൻ, അന്തർദേശീയ പഠനങ്ങളിൽ ബിരുദാനന്തര ബിരുദം നേടി. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
2019 സെപ്റ്റംബറിൽ അദ്ദേഹം റെക്കിറ്റിൽ ചേരുകയും കോവിഡ് -19 മഹാമാരിക്കിടെ കമ്പനിയെ നയിക്കുകയും ചെയ്തു. ഇത് കമ്പനിയുടെ ആരോഗ്യ, ശുചിത്വ ഉൽപ്പന്നങ്ങളുടെ വിൽപ്പന വർധിപ്പിച്ചു. പെപ്‌സികോയിൽ ഗ്ലോബൽ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായും സേവനമനുഷ്ഠിച്ച അദ്ദേഹം ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളുടെ മേൽനോട്ടവും വഹിച്ചു.
കൺസൾട്ടിങ് സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനിയുടെ സീനിയർ പാർട്ണറായും നരസിംഹൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെ യു.എസ്, ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിലെ ഉപഭോക്തൃ, റീട്ടെയിൽ, സാങ്കേതിക സമ്പ്രദായങ്ങളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ലക്ഷ്മൺ നരസിംഹൻ സി.ഇ.ഒ സ്ഥാനം ഒഴിയുമെന്ന് വ്യാഴാഴ്ച റെക്കിറ്റ് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് റെക്കിറ്റിന്റെ ഓഹരികൾ നാല് ശതമാനം ഇടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.