പൗരത്വബില്ലിന് എന്‍.ഡി.എയില്‍ എതിര്‍പ്പ്
text_fieldsന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിംകളല്ലാത്ത ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് ചോദ്യംചെയ്തു. 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ കൊണ്ടുവന്ന ബില്ലിനെ പശ്ചിമ ബംഗാള്‍ സര്‍ക്കാറും സംയുക്ത പാര്‍ലമെന്‍ററി സമിതിയില്‍ എതിര്‍ത്തു.
അസമിലെ എന്‍.ഡി.എ സര്‍ക്കാറില്‍ സഖ്യകക്ഷിയായ അസം ഗണ പരിഷത്തിന് പുറമെ 20 അസമീസ് വംശീയ സംഘടനകള്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് നല്‍കിയ നിവേദനത്തില്‍ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാപരമായ പ്രശ്നങ്ങളുയര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടി. 1985ല്‍ അസം സര്‍ക്കാറുമായി കേന്ദ്രം ഒപ്പിട്ട അസം ഉടമ്പടിക്ക് വിരുദ്ധമാണ് നിയമനിര്‍മാണം. 1971 മാര്‍ച്ച് 25നുശേഷം ബംഗ്ളാദേശില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരെല്ലാം നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നും അവരെ രാജ്യത്തുനിന്ന് പുറന്തള്ളണമെന്നുമാണ് അസം ഉടമ്പടിയെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
നിയമഭേദഗതിയുമായി കേന്ദ്രം മുന്നോട്ടുപോയാല്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് അസം ഗണ പരിഷത്തും ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂനിയനും മുന്നറിയിപ്പ് നല്‍കി. അസമും ബംഗാളും സന്ദര്‍ശിച്ചശേഷം സംയുക്ത പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കും.
അയല്‍രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥികളായത്തെുന്ന ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന ബി.ജെ.പി വാഗ്ദാനം നടപ്പാക്കുന്നതിനുള്ള നിയമനിര്‍മാണത്തിന് കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്‍റില്‍ പൗരത്വ ബില്‍ ഭേദഗതി അവതരിപ്പിക്കുകയും ചെയ്തു.
അയല്‍രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദുക്കള്‍ക്കു മാത്രം പൗരത്വം നല്‍കാനുദ്ദേശിച്ച് സര്‍ക്കാര്‍ നടത്തുന്ന നിയമനിര്‍മാണം രാജ്യത്തിന്‍െറ മതേതര അടിത്തറയെ തകര്‍ക്കുമെന്ന് പറഞ്ഞാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിയമഭേദഗതിയെ എതിര്‍ക്കുന്നത്. മൂന്ന് രാജ്യങ്ങളില്‍നിന്നുള്ള അമുസ്ലിംകള്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥയുള്ള ബില്ലില്‍ പീഡനത്തെ തുടര്‍ന്ന് മ്യാന്മറില്‍നിന്നത്തെിയ മുസ്ലിം അഭയാര്‍ഥികളെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന് സംയുക്ത പാര്‍ലമെന്‍ററി സമിതി അംഗം സൗഗത റോയ് എം.പി കുറ്റപ്പെടുത്തി.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍നിന്ന് പീഡനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ വന്ന് ദീര്‍ഘകാല വിസയില്‍ കഴിയുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തൊഴില്‍ ചെയ്യാനും സ്വത്തുവാങ്ങാനും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇത്തരം അഭയാര്‍ഥികളുടെ ഹ്രസ്വകാല, ദീര്‍ഘകാല വിസ നീട്ടാനുള്ള അപേക്ഷ വൈകിയാല്‍ അഭയാര്‍ഥികളുടെ അപേക്ഷാ ഫീസ് 15,000ല്‍നിന്ന് 100 രൂപ വരെയായി കുറക്കുമെന്നും ബില്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.