ദോക്ലാം ആവർത്തിക്കാതിരിക്കാൻ ഇന്ത്യ–ചൈന ധാരണ
text_fieldsഷിയാമെൻ: ദോക്ലാം പോലുള്ള സാഹചര്യം ഒഴിവാക്കാൻ പ്രതിരോധസേനകൾ കൂടുതൽ ആശയ വിനിമയം നടത്താനും സഹകരിക്കാനും ഇന്ത്യ-ചൈന ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും ബ്രിക്സ് ഉച്ചകോടിക്കിടെ നടത്തിയ ചർച്ചയിൽ അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്താനും തീരുമാനിച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും. ദോക്ലാമിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിനുശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും ചർച്ച നടത്തുന്നത്.
ഇൗയിടെയുണ്ടായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സേനകൾ ശക്തമായ ആശയ വിനിമയം നടത്തേണ്ടതുണ്ടെന്ന് ഇരു രാഷ്ട്രത്തലവന്മാരും ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ അഭിപ്രായപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിൽ മികച്ച ബന്ധമുണ്ടാകേണ്ടത് രണ്ടു രാഷ്ട്രങ്ങളുടെയും താൽപര്യങ്ങൾക്ക് നല്ലതാണെന്ന് മോദിയും ഷി ജിൻപിങ്ങും വ്യക്തമാക്കി. ദോക്ലാം സംഘർഷം ചർച്ചയിൽ കടന്നുവന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്രിയാത്മകമായ ചർച്ചയാണ് നടന്നതെന്നും പിന്നോട്ടല്ല, മുന്നോട്ടാണ് നോക്കേണ്ടതെന്നുമായിരുന്നു ജയശങ്കറിെൻറ മറുപടി. ഇരുരാഷ്ട്രങ്ങളും തമ്മിൽ പരസ്പര വിശ്വാസം മെച്ചപ്പെടുത്തും. ഇൗ വർഷം ജൂണിൽ കസാഖ്സ്താനിലെ അസ്താനയിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇരുവരും കണ്ടിരുന്നെങ്കിലും വിശദമായ ചർച്ച നടന്നിരുന്നില്ല.
ബ്രിക്സ് ഉച്ചകോടി വിജയകരമായി നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെൻറ പ്രസംഗത്തിൽ ഷി ജിൻ പിങ്ങിനെ അഭിനന്ദിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തണമെന്ന് ഷി ജിൻപിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞതായി ചൈനയുടെ ഒൗദ്യോഗിക വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. പഞ്ചശീല തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ പരസ്പര വിശ്വാസത്തിലും സഹകരണത്തിലും പ്രവർത്തിക്കും. ബന്ധങ്ങൾ ശരിയായ ദിശയിലാക്കാൻ തയാറാണെന്നും ചൈനീസ് പ്രസിഡൻറ് വ്യക്തമാക്കി. ഉഭയകക്ഷി ചർച്ച ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. ചൈനീസ് പ്രസിഡൻറുമായുള്ള ചർച്ചയിൽ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും പെങ്കടുത്തു.
ജൂൺ 16ന് ദോക്ലാമിൽ ചൈനയുടെ റോഡ് നിർമാണം ഇന്ത്യൻ സേന തടഞ്ഞതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തത്. തുടർന്ന് ഇന്ത്യയും ചൈനയും ഇവിടെ കൂടുതൽ സൈന്യത്തെ വിന്യസിച്ചിരുന്നു. ആഗസ്റ്റ് 28ന് ഇന്ത്യയും ചൈനയും സേനയെ പിൻവലിച്ചതോടെയാണ് സംഘർഷം അയഞ്ഞത്.
ചൈനയുടെ ക്ഷണമനുസരിച്ച് ബ്രിക്സ് ഉച്ചകോടിക്കെത്തിയ ഇൗജിപ്ത് പ്രസിഡൻറ് ഫത്തഹ് അൽസീസിയുമായി, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ നരേന്ദ്ര മോദി ചർച്ച നടത്തി.
ബ്രിക്സ് ഉച്ചകോടിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിന് മ്യാന്മറിലെത്തി. സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, വ്യാപാരം, ഉൗർജം തുടങ്ങിയവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദി മ്യാന്മർ പ്രസിഡൻറ് ടിൻജോ, ഒാങ്സാൻ സൂചി എന്നിവരുമായി ചർച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സന്ദർശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014ൽ ആസിയാൻ ഉച്ചകോടിക്ക് മോദി മ്യാന്മറിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.