റെയിൽവേ ഭൂമി കൈയേറിയെന്ന്; ഡൽഹിയിലെ രണ്ടു മസ്ജിദുകൾക്ക് നോട്ടീസ്
text_fieldsന്യൂഡൽഹി: റെയിൽവേ ഭൂമി കൈയേറിയെന്നാരോപിച്ച് ഡൽഹിയിലെ രണ്ടു മസ്ജിദുകൾക്ക് നോട്ടീസ്. 15 ദിവസത്തിനകം കൈയേറ്റഭൂമിയിൽനിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് ബംഗാളി മാർക്കറ്റിലെയും പ്രഗതി മൈതാൻ മെട്രോ സ്റ്റേഷനിലെയും മസ്ജിദുകൾക്കാണ് അടുത്തിടെ നോട്ടീസ് നൽകിയത്. ന്യൂഡൽഹി-ഗാസിയാബാദ് പാതയിൽ റെയിൽവേയുടെ സ്ഥലത്താണ് പള്ളികൾ സ്ഥിതി ചെയ്യുന്നതെന്ന് ഉത്തര റെയിൽവേ വക്താവ് പറഞ്ഞു.
അതേസമയം, തിലക് ബ്രിഡ്ജിന് സമീപത്തെ തഖിയ ബാബർ ഷാ മസ്ജിദും ബംഗാളി മാർക്കറ്റിലെ മസ്ജിദും തങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്നും പൊളിക്കാനുള്ള റെയിൽവേയുടെ നോട്ടീസ് ആശ്ചര്യപ്പെടുത്തുന്നതാണെന്നും ഡൽഹി വഖഫ് ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥനായ മെഹ്ഫൂസ് മുഹമ്മദ് പ്രതികരിച്ചു. തഖിയ ബാബർ ഷാ പള്ളി സ്ഥിതിചെയ്യുന്ന ഭൂമിയിൽനിന്ന് ഒരു ഭാഗം വിട്ടുനൽകണമെന്ന് 1973ൽ ഡൽഹി വഖഫ് ബോർഡിനോട് റെയിൽവേ അഭ്യർഥിച്ചതനുസരിച്ച് 94 ചതുരശ്ര യാർഡ് വിട്ടുനൽകിയതായും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാർ ഡൽഹി വഖഫ് ബോർഡിന് നൽകിയ സ്വത്തുക്കളിൽ ഉൾപ്പെട്ടതാണ് രണ്ടു പള്ളികളെന്നും മെഹ്ഫൂസ് മുഹമ്മദ് പറഞ്ഞു. കേന്ദ്രസർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 123 വഖഫ് ബോർഡ് സ്വത്തുക്കളിൽ ഉൾപ്പെടുന്നതാണ് ഈ രണ്ടു പള്ളികളും. ഇതിനെതിരെ ബോർഡ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റെയിൽവേ ഭൂമിയിലെ അനധികൃത നിർമാണങ്ങളെ അതിഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉത്തര റെയിൽവേ വക്താവ് ദീപക് കുമാർ പറഞ്ഞു. സുരക്ഷ ഭീഷണി ഉയർത്തുന്ന അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യുന്നത് പതിവ് നടപടിക്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.