പാകിസ്താൻ സായുധ സംഘത്തിന്റെ ആക്രമണത്തിൽ സൈനികന് വീരമൃത്യു; ക്യാപ്റ്റൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്
text_fieldsശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കാമകാരി സെക്ടറിൽ ശനിയാഴ്ച പാകിസ്താൻ ബോർഡർ ആക്ഷൻ ടീം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ശത്രുക്കളുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തിയതായും ക്യാപ്റ്റന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. വെടിവെപ്പിൽ പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനും കൊല്ലപ്പെട്ടു.
പുലര്‍ച്ചെ 2:30ഓടെ നിയന്ത്രണ രേഖക്ക് സമീപം സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടുനിന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതിനെ തുടർന്ന് രണ്ട് നുഴഞ്ഞുകയറ്റക്കാർ പാക് അധീന കശ്മീരിലേക്ക് തിരികെ പോയതായും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
വടക്കൻ കശ്മീർ ജില്ലയിലെ ട്രെഹ്ഗാം സെക്ടറിലെ കുംകാടി പോസ്റ്റിന് സമീപം നുഴഞ്ഞുകയറ്റക്കാരായ മൂന്നംഗ സംഘം ഗ്രനേഡ് എറിയുകയും ഇന്ത്യൻ പോസ്റ്റിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. ക്യാപ്റ്റൻ ഉൾപ്പെടെ പരിക്കേറ്റ സൈനികരെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയതിട്ടുണ്ട്. പരിക്കേറ്റ സൈനികരിൽ ഒരാളുടെ നില അതീവഗുരുതരമാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഈ ആഴ്ച ആദ്യം പ്രദേശം സന്ദർശിച്ച് നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും നേരിടാനുള്ള സേനയുടെ തയാറെടുപ്പ് അവലോകനം ചെയ്തിരുന്നു.
ആരാണ് ബി.എ.ടി
പാക് പിന്തുണയുള്ള ഭീകരരുടെയും പാകിസ്താൻ എസ്.എസ്.ജി കമാൻഡോകളുടെയും സംയുക്ത സായുധ സംഘമാണു ബോർഡർ ആക്ഷൻ ടീം അഥവാ ബാറ്റ് എന്ന് അറിയപ്പെടുന്നത്.
കഴിഞ്ഞ 10 വർഷത്തിലേറെയായി ഈ സംഘം മേഖലയിൽ അശാന്തി വിതക്കുന്നുണ്ട്. 2013ലാണ് ബാറ്റിന്റെ സാന്നിധ്യം ഇന്ത്യൻ സേന സ്ഥിരീകരിക്കുന്നത്. പാകിസ്താൻ കരസേനയുടെ ഭാഗമാണ് ബാറ്റ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അത്യന്താധുനിക ആയുധങ്ങൾ ഇവരുടെ കൈവശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.